
അടിമാലി:കഴിഞ്ഞ തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് ഭരണം നടത്തിയ പഞ്ചായത്തായിരുന്നു പള്ളിവാസല്‍. എന്നാല്‍ ഇത്തവണ പള്ളിവാസല്‍ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.14 സീറ്റുകളാണ് പഞ്ചായത്തില്‍ ആകെയുള്ളത്.
ഇതില്‍ 7 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചു. 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഒരു സ്വതന്ത്രനും പഞ്ചായത്തിലേക്ക് വിജയിച്ചെത്തി. ഭരണം പിടിക്കുന്നതില്‍ സ്വതന്ത്രന്റെ നിലപാട് ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. 7 സീറ്റുകളുള്ള യുഡിഎഫിനൊപ്പം സ്വതന്ത്ര അംഗം നിന്നാല്‍ യുഡിഎഫിന്റെ അംഗ സംഖ്യ എട്ടാവുകയും ഭരണത്തിലെത്താന്‍ കഴിയുകയും ചെയ്യും.
സ്വതന്ത്രന്റെ പിന്തുണ എല്‍ഡിഎഫിനെങ്കില്‍ സീറ്റുകളുടെ എണ്ണം എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ്, ഏഴ് എന്ന നിലയിലാവും. അങ്ങനെയെങ്കില്‍ നറുക്കെടുപ്പിലൂടെ ഭരണം നിശ്ചയിക്കേണ്ടി വരും. സ്വതന്ത്ര അംഗത്തിന്റെ പിന്തുണ നേടാന്‍ എല്‍ഡിഎഫും യുഡിഎഫും നീക്കങ്ങള്‍ നടത്തുന്നതായാണ് വിവരം.2015ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫായിരുന്നു പള്ളിവാസല്‍ പഞ്ചായത്ത് ഭരിച്ചിരുന്നത്.
കഴിഞ്ഞ തവണ ഭരണം എല്‍ഡിഎഫ് പിടിച്ചു. എല്‍ഡിഎഫിനെ സംബന്ധിച്ച് ഇത്തവണ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തിയിരുന്ന ഒരു പഞ്ചായത്ത് കൂടിയായിരുന്നു പള്ളിവാസല്‍.



