താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും മാറ്റി

അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും മാറ്റി പ്രവര്‍ത്തനമാരംഭിച്ചു. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് അടിമാലി താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡും പ്രസവ മുറിയും കാലഹരണപ്പെട്ട കെട്ടിടത്തില്‍ നിന്നും മാറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഏറെ പഴക്കം ചെന്ന പഴയ കെട്ടിടത്തിലായിരുന്നു പ്രസവവാര്‍ഡും പ്രസവ മുറിയും പ്രവര്‍ത്തിച്ച് വന്നിരുന്നത്.
ഭിത്തികളടക്കം വിണ്ടു കീറുകയും ചില ഭാഗങ്ങള്‍ അടര്‍ന്ന് വീഴുകയുമൊക്കെ ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.ഇത് തുടര്‍ന്നാണ് പ്രസവവാര്‍ഡും പ്രസവ മുറിയും സുരക്ഷിത ഇടത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. പിന്നാലെ പ്രസവ വാര്‍ഡും പ്രസവ മുറിയും കൂടുതല്‍ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ക്രമീകരണങ്ങള്‍ പൂര്ത്തീകരിച്ചാണിപ്പോള് ആശുപത്രിയിലെ ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിലേക്ക് പ്രസവ വാര്‍ഡും പ്രസവ മുറിയും മാറ്റിയിട്ടുള്ളത്.
ചികിത്സക്കെത്തുന്ന ഗര്ഭിണികള്ക്കടക്കം പുതിയ ക്രമീകരണത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സ്ഥലസൗകര്യമൊരുക്കി നല്‍കാനാകുമെന്നാണ് വിലയിരുത്തല്‍. തോട്ടം മേഖലയിലേയും വിവിധ ആദിവാസി ഇടങ്ങളിലേയുമൊക്കെ ആളുകള്‍ പ്രസവ സംബന്ധമായ ആവശ്യത്തിന് കൂടുതലായി ആശ്രയിക്കുന്നത് അടിമാലി താലൂക്കാശുപത്രിയെയാണ്. ദിവസവും ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ജില്ലയിലെ ആശുപത്രികളില്‍ ഒന്ന് കൂടിയാണ് അടിമാലി താലൂക്കാശുപത്രി.


