KeralaLatest NewsTravel

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ

കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ​ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു. ലാൻഡിങ് ​ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിയതായാണ് വിവരങ്ങൾ. വിമാനത്തിന്റെ ലാൻഡിങ്ങിനായി കൊച്ചി വിമാനത്താവളം സജ്ജമായിരുന്നു.

എയർ ഇന്ത്യ വിമാനത്തിനുണ്ടായത് ഗുരുതരമായ സാങ്കേതിക പിഴവെന്നാണ് വിവരങ്ങൾ. വിമാനം ജിദ്ദയിൽ നിന്ന് പുറപ്പെട്ടത് ഇന്ന് പുലർച്ചെ 1.15നാണ്. വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സംശയം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ, കൊച്ചിയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത്. കോഴിക്കോട്ടേക്ക് റോഡ് മാർഗ്ഗം പോകണമെന്ന് യാത്രക്കാർക്ക് എയർ ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്. വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിനുള്ളിൽ എയർ ഇന്ത്യ അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!