KeralaLatest News

മഞ്ഞൾ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും മഞ്ഞൾ സംഭരിക്കുന്നതിനും സംവിധാനമൊരുക്കാൻ കൃഷി വകുപ്പ്

കേരളത്തിൽ മഞ്ഞൾ കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മഞ്ഞൾ കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നതിനും ഇടനിലക്കാരില്ലാതെ കാര്യക്ഷമമായി മഞ്ഞൾ സംഭരിക്കുന്നതിനും സംവിധാനമൊരുക്കാൻ കൃഷി വകുപ്പ്. ഇതിനായി മഞ്ഞൾ അനുബന്ധ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചർച്ച നടത്തി.

ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞൾ ഉത്പാദിപ്പിക്കുന്നതും കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിക്കുന്നതും വഴി കർഷകർക്ക് മികച്ച വില ലഭിക്കുവാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗുണനിലവാരമുള്ള മഞ്ഞൾ ഉല്പാദിപ്പിക്കുന്നതിന് കർഷകർക്ക് ആവശ്യമായ പരിശീലനം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നൽകുമെന്നും മഞ്ഞളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു. കർഷകർ ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞളിന്റെ ഗുണനിലവാരം അനുസരിച്ചും മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്റെ അളവ് അനുസരിച്ച് ഉയർന്ന വില കർഷകർക്ക് ലഭ്യമാക്കുവാൻ സാധിക്കുമെന്നും സിന്തൈറ്റ് പ്രതിനിധികൾ പറഞ്ഞു.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള വിത്തുകൾ നൽകുകയും ഫാർമർ പ്രൊഡ്യൂസിങ് ഓർഗനൈസേഷനുകൾ വഴി സംഭരിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കേര( ക്ലൈമറ്റ് റെസിലിയൻസ് ആൻഡ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള ഉദ്പാദന സഖ്യം വഴിയാണ് പ്രവർത്തികമാക്കുന്നത്. സിന്തൈറ്റ് പ്രതിനിധികളായ സുനിൽ, ഏലിയാസ്, സംസ്ഥാന വില നിർണയ ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ, അഡീഷണൽ ഡയറക്ടർമാരായ മീന റ്റി. ഡി, രാജേഷ് കുമാർ എം ഒ, ജില്ലാ കൃഷി ഓഫീസർമാരായ സഞ്ജു സൂസൻ മാത്യു, നിംബ ഫ്രാങ്കോ ഇ എഫ്, ബീന എസ്സ്, ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!