മൂന്നാര്‍: ഡിസംബര്‍ എത്തിയതോടെ മൂന്നാര്‍ തണുത്തുവിറക്കുകയാണ്. മൂന്നാറില്‍ ദിവസവും അന്തരീക്ഷ താപനില താഴേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാര്‍ ചെണ്ടുവരയില്‍ രേഖപ്പെടുത്തി.രണ്ട് ഡിഗ്രി സെല്‍ഷ്യസാണ് ചെണ്ടുവരയില്‍ രേഖപ്പെടുത്തിയ അന്തരീക്ഷ താപനില.
ഈ മാസം പകുതി മുതല്‍ മൂന്നാറില്‍ അതിശൈത്യം ആരംഭിച്ചിരുന്നു. മൂന്നു ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെ രേഖപ്പെടുത്തി ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില. അവിടെ നിന്നാണ് രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില വീണ്ടും താഴ്ന്നിട്ടുള്ളത്. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ദ്ധിക്കും എന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല.
രാത്രിയിലെ അതിശൈത്യത്തിനൊപ്പം പകല്‍ സമയത്തും തണുപ്പനുഭവപ്പെടുന്ന സാഹചര്യം മൂന്നാറിലുണ്ട്. ക്രിസ്തുമസ് പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറില്‍ തണുപ്പ് ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.



