
മദ്യത്തിൻ്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചെടുക്കാൻ സംസ്ഥാന ബിവറേജസ് കോർപറേഷൻ (ബെവ്‌കോ) നടപ്പാക്കിയ പരീക്ഷണം വിജയം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ബെവ്കോ ഔട്ട്ലറ്റുകളിൽ മൂന്ന് മാസത്തിനിടെ 33,17,228 കുപ്പികൾ തിരിച്ചെത്തി. 80 ടണ്ണിലധികം തൂക്കംവരുന്ന ഇവ പുനഃസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയാണ് ശേഖരിച്ചത്. വഴിയോരത്തും ജലാശയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന മദ്യക്കുപ്പികൾ സൃഷ്ടിക്കുന്ന പരിസമിതി മലിനീകരണവും മറ്റ് അപകടങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബർ 15നാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ഔട്ട്ലറ്റുകളിൽ പദ്ധതിക്ക് തുടക്കമിട്ടത്. വിൽക്കുമ്പോൾ ബെവ്കോ ജീവനക്കാർ കുപ്പിയിൽ പ്രത്യേക ക്യു.ആർ കോഡ് പതിക്കുകയും 20 രൂപ അധികം ഈടാക്കുകയും ചെയ്യും. കാലിയായ കുപ്പി അതേ ഔട്ട്ലറ്റിൽ തിരിച്ചുനൽകുമ്പോൾ 20 രൂപ മടക്കി ലഭിക്കും. സ്റ്റിക്കർ പതിച്ചവ മാത്രമേ തിരിച്ചെടുക്കൂ. പ്രത്യേക ബൂത്തുകൾ വഴിയും കുപ്പികൾ തിരിച്ചെടുക്കുന്നുണ്ട്. സംസ്ഥാനത്തെ 284 ബെവ്കോ ഔട്ട്ലറ്റുകൾവഴി പ്രതിവർഷം ശരാശരി 51 കോടി കുപ്പി വിദേശമദ്യം വിൽക്കുന്നതായാണ് കണക്ക്. ഈ കുപ്പികളിൽ മിക്കതും ഉപയോഗശേഷം അലക്ഷ്യമായി ഉപേക്ഷിക്കുകയാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അവ തിരിച്ചെടുത്ത് പുനഃസംസ്കരിക്കാൻ സഹായിക്കുന്ന പദ്ധതിക്ക് രൂപംനൽകിയത്



