
അടിമാലി:കല്ലാര്‍കുട്ടിമേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. മുമ്പ് കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കല്ലാര്‍കുട്ടിക്ക് പുറമെ സമീപ പ്രദേശങ്ങളുടെ സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തിയാല്‍ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തോട്ടാപ്പുരയിലെ തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന നിര്‍മ്മിതിയാണ്.കരമാര്‍ഗ്ഗത്തിന് പുറമെ ക്രമീകരണമൊരുക്കിയാല്‍ ഇവിടേക്ക് ജലമാര്‍ഗ്ഗം വഴിയും എത്താനാകും.ആളൊഴിഞ്ഞ് കിടക്കുന്ന കല്ലാര്‍കുട്ടി മേഖലയിലെ കെഎസ്ഇബി കെട്ടിടങ്ങളും വിനോദ സഞ്ചാര സാധ്യതക്കായി പ്രയോജനപ്പെടുത്താമെന്ന വാദം ഉയരുന്നുണ്ട്.നായ്കുന്ന് മേഖലയിലെ ആളുകള്‍ അണക്കെട്ടിന് കുറുകെ കടന്ന് കല്ലാര്‍കുട്ടിയിലേക്കെത്തുന്നത് വള്ളം ഉപയോഗിച്ചാണ്. ഇവിടൊരു തൂക്കുപാലം നിര്‍മ്മിച്ചാലത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിര്‍മ്മിതിയാകും.കൊന്നത്തടി പഞ്ചായത്തിലെ വിവിധ വ്യൂപോയിന്റുകള്‍ ടൂറിസം സാധ്യത തുറന്നിടുന്നവയാണ്.കല്ലാര്‍കുട്ടി മേഖലയില്‍ തരിശായി കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ ഭൂമിയില്‍ ഉദ്യോനം നിര്‍മ്മിച്ചാല്‍ അതും കല്ലാര്‍കുട്ടിയുടെ വിനോദ സഞ്ചാരസാധ്യതക്ക് കരുത്ത് പകരുന്നതാകും.



