KeralaLatest News

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍.

സ്ത്രീ സുരക്ഷയ്ക്കായുള്ള പ്രത്യേക പദ്ധതിയാണ് മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത്. സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാ മാസവും സാമ്പത്തിക സഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 35 മുതല്‍ 60 വയസുവരെയുള്ള മഞ്ഞകാര്‍ഡ്, പിങ്ക് കാര്‍ഡ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 3800 കോടി രൂപ ചിലവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുവാക്കള്‍ക്കായി കണക്ട് ടു വര്‍ക് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. യുവാക്കള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. പ്രതിവര്‍ഷ കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പ്ലസ് ടു, ഐടിഐ, ഡിഗ്രി പഠനത്തിന് ശേഷം വിവിധ നൈപുണ്യ കോഴ്‌സുകള്‍ പഠിക്കുന്നവരോ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതല്‍ 30 വയസുവരെയുള്ള യുവാക്കള്‍ക്ക് 1000 രൂപ മാസം ധനസഹായം നല്‍കും. പദ്ധതിക്ക് 5 ലക്ഷം ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടും. എഡിഎസുമാര്‍ക്ക് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1000 രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

നിലവിലെ വേതന, പെന്‍ഷന്‍ നിരക്കുകളും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പ്രതിമാസം 1600 എന്നത് 400 രൂപ കൂട്ടി 2000 രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക അനുവദിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സിന്റേയും ഹെല്‍പര്‍മാരുടേയും ഓണറേറിയം പ്രതിമാസം 1000 രൂപ വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഇതിനായി മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം 934 കോടി ചിലവാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയാക്കും. പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിക്കും. ഗസ്റ്റ് ലെച്വര്‍മാരുടെ വേതനം പരമാവധി 2000 രൂപ വര്‍ധിപ്പിക്കും. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ കൂട്ടിയിട്ടുണ്ട്. റബറിന്റെ താങ്ങുവില 200 രൂപയാക്കി. നെല്ലിന്റെ സംഭരണ വില 30 രൂപയാക്കി. ഈ തീരുമാനങ്ങളെല്ലാം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!