
അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ എഴുത്തിലും അഭിനയത്തിലും യാഥാർഥ്യ ബോധത്തോടെയുള്ള സാമൂഹിക പ്രതിഫലനങ്ങൾ കാണാം. 48 വർഷത്തെ സിനിമാ ജീവിതം മലയാളിത്തത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയാണ്.
എനിക്കും നിങ്ങൾക്കും അറിയാവുന്ന ഒരാൾ. ഒരുപക്ഷേ, നമ്മൾ തന്നെയല്ലേ ഇതെന്ന് തോന്നിപ്പോകുന്ന ഒരാൾ. ശരാശരി മലയാളിയുടെ ഭാവഭേദങ്ങളും, പ്രാരാബ്ധങ്ങളും, സന്തോഷ, സങ്കടങ്ങളുമൊക്കെ അതീവ സൂക്ഷ്മമായി പകർത്തിയ നമ്മളിലൊരാൾ… മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ.
രോഗം ശരീരത്തിൽ പിടിമുറുക്കിയിട്ട് കുറച്ചേറെയായിരുന്നു. എങ്കിലും സജീവം. എത്താവുന്നിടത്തെല്ലാം എത്തി. സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ് പറയേണ്ടതെല്ലാം പറഞ്ഞു. കുഴഞ്ഞുപോകുന്ന വാക്കുകൾക്കും മൂർച്ച കുറവില്ലാതെ. മലയാളി ഓർത്തില്ല, ഒന്നും പറയാതെ, പെട്ടെന്നിങ്ങനെ ശ്രീനി കടന്നുപോകുമെന്ന്.
ശാരീരികാവശതകളെ അതിജീവിച്ച് ശ്രീനിവാസൻ പൂർവാധികും സജീവമാകുമെന്ന് എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, കുടുംബത്തിനും സഹപ്രവർത്തകർക്കും മുഴുവൻ മലയാളികൾക്കും ഞെട്ടലുണ്ടാക്കുന്ന വാർത്തയായിരുന്നു ശ്രീനിവാസന്റെ വിയോഗം.
ശ്രീനിവാസൻ തിരക്കഥയിൽ പിറന്ന ഒട്ടുമിക്ക സിനിമകളും ആക്ഷേപഹാസ്യങ്ങളായിരുന്നു.അത് ‘സന്ദേശം’ മുതൽ ‘ഉദയനാണ് താരം’ വരെ നീളുന്നു. സമൂഹത്തെ, സർക്കാരുകളെ, രാഷ്ട്രീയ പാർട്ടികളെ, എന്തിനധികം പറയുന്നു, സിനിമാ മേഖലയിലെ ചില പ്രവണതകളെ തന്നെ കളിയാക്കുന്ന സിനിമകൾ ശ്രീനിവാസനിലൂടെ സ്ക്രീനിൽ എത്തിയിട്ടുണ്ട്.
പറ്റിക്കപ്പെടുന്ന ബസ് മുതലാളിയുടെ കഥപറഞ്ഞ ‘വരവേൽപ്പ്’ നാട്ടിൽ തിരിച്ചു വരുന്ന പ്രവാസികളെയും ട്രേഡ് യൂണിയനുകളെയും സംരഭകനാകാൻ ഇറങ്ങുന്ന ഒരാളുടെ ജീവത്തിൽ സംഭവിക്കാൻ സാധ്യതയുള്ള പ്രതിസന്ധികളെയുമെല്ലാം തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു. മുതലാളിയുടെ പക്ഷത്ത് നിൽക്കുന്ന വരവേൽപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് വലിയ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.
അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന മറ്റൊരു ആക്ഷേപഹാസ്യ സ്വഭാവമുള്ള സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. കുടുംബ ജീവിതത്തിൽ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാകാത്ത, ഒളിച്ചോടുന്ന പുരുഷനെ കൃത്യമായി വരച്ചിടാൻ ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസന് സാധിക്കുന്നുണ്ട്.
സിനിമാ രംഗത്തെ പ്രശ്നങ്ങളെ പൊതുജനസമക്ഷം തുറന്നുകാട്ടിയ സിനിമയാണ് ഉദയനാണ് താരം. റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്ത സിനിമയിൽ അൽപ്പനായ സിനിമാ താരമായി ശ്രീനിവാസൻ തന്നെ സ്ക്രീനിൽ എത്തുമ്പോൾ പരിഹാസത്തിന് മൂർച്ച കൂടുകയായിരുന്നു. സരോജ് കുമാർ മലയാളത്തിലെ എക്കാലത്തേയും സ്പൂഫ് കഥാപാത്രമായിമാറി
സന്ദേശത്തിലെ ആർഡിപി നേതാവ് കോട്ടപ്പള്ളി പ്രഭാകരൻ മുതൽ ഉദയനാണ് താരത്തിലെ സരോജ് കുമാർവരെയുള്ള ശ്രീനിവാസൻ കഥാപാത്രങ്ങളും സ്ക്രിപ്റ്റുകളും വിമർശനങ്ങൾക്കെല്ലാമിടയിലും അക്ഷേപഹാസ്യത്തിന്റെ ബെഞ്ച് മാർക്കുകളായി മലയാള സിനിമയിൽ അവശേഷിക്കുക തന്നെ ചെയ്യും.



