KeralaLatest News

രാഷ്ട്രീയ ശരികള്‍ക്കായി വിട്ടുവീഴ്ചയില്ലാത്ത ഉറച്ചശബ്ദം; കോണ്‍ഗ്രസിലെ ഒറ്റയാന്‍; പിടി തോമസിന്റെ ഓര്‍മകള്‍ക്ക് നാല് വയസ്

മുന്‍ എംഎല്‍എ പി ടി തോമസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് നാലു വയസ്. നിലപാട് കൊണ്ടും സമീപനം കൊണ്ടും കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്നു പി ടി തോമസ്. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന പി ടി തോമസ് തന്റെ ബോധ്യങ്ങള്‍ക്കും ശരികള്‍ക്കുമൊപ്പം നിലകൊണ്ട നേതാവായിരുന്നു.

രാഷ്ട്രീയത്തിലെ വംശനാശം നേരിടുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു പി ടി തോമസ്. സ്വന്തം നേട്ടങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമപ്പുറം ജനസേവനമാകണം രാഷ്ട്രീയപ്രവര്‍ത്തകന്റെ ലക്ഷ്യമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ചു പി ടി. നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ക്ക് പി ടി തയാറായിരുന്നില്ല. വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും സ്വരമെന്ന് കേരള രാഷ്ട്രീയം പി ടിയെ അടയാളപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വച്ചു മാറാനുള്ളതായിരുന്നില്ല പിടിയ്ക്ക് നിലപാടുകള്‍.

പരിസ്ഥിതി സംരക്ഷണം ഇത്രത്തോളം രാഷ്ട്രീയ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന നേതാക്കള്‍ കേരളത്തില്‍ വിരളം. പശ്ചിമഘട്ട സംരക്ഷണം മുന്‍ നിര്‍ത്തി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിച്ചപ്പോള്‍ ലോക്സഭ സീറ്റ് നഷ്ടപ്പെട്ടു. എങ്കിലും പി ടി തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ പി ടി തോമസ് ഒരുകാലത്ത് എ ഗ്രൂപ്പിന്റെ മുന്നണിപോരാളികളിലൊരാളായിരുന്നു. പിന്നീട് മിതവാദിയായി പരുവപ്പെട്ട പി ടി കോണ്‍ഗ്രസിന്റെ ഹരിതമുഖമായി. കടമ്പ്രയാര്‍ മലിനീകരണത്തിനെതിരെ പോരാടാനും മുന്നണിയില്‍ തന്നെ പി ടി ഉണ്ടായിരുന്നു. സംഘടനാ പാടവത്തിലും നിയമസഭയിലെ പ്രകടനത്തിലും പി ടി തോമസ് ശക്തമായ സാന്നിധ്യമായിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും ആദര്‍ശ രാഷ്ട്രീയത്തിന്റെയും പ്രതീകമായിരുന്ന പി ടി തോമസ് അര്‍ബുദത്തിന് ചികിത്സയിരിക്കെയാണ് വിടവാങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!