KeralaLatest NewsLocal news

അപരിചിതരോട് ആൾക്കൂട്ട വിചാരണയല്ല വേണ്ടത്, ഇതാ ഇടുക്കി പോലീസിന്‍റെ കരുതൽ!

അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം കേരളത്തിൽ ഏറെ കൊളിളക്കമുണ്ടാക്കിയ ആൾക്കൂട്ട കൊലപാതമായിരുന്നു. പിന്നീടിങ്ങോട്ട് പലതവണ ആൾക്കൂട്ട വിചാരണയുടെ വാർത്തകൾ പുറത്ത് വന്നു. ഏറ്റവും ഒടുവിലായി ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിന്‍റെ കൊലപാതകവം പാലൂരിലെ മണികണ്ഠന് നേരിടേണ്ടിവന്ന ക്രൂരതയും ഒരേ മനോവിചാരത്തിന്‍റെ പ്രതിഫലനങ്ങളായിരുന്നു, എന്നാൽ, ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെടുമ്പോൾ എന്താണ് ചെയ്യേണ്ടതെന്നതിന് വലിയൊരു മാതൃക കാണിച്ചിരിക്കുകയാണ് ഇടുക്കി, കഞ്ഞിക്കുഴിയിലെ പോലീസ് ഉദ്യോഗസ്ഥർ. മറ്റൊരു ആൾക്കൂട്ട വിചാരണയും അതിനോട് അനുബന്ധിച്ച് നടക്കുമായിരുന്ന അനിഷ്ട സംഭവങ്ങളുമാണ് കഞ്ഞിക്കുഴി പോലീസിന്‍റെ ഇടപെടലിലൂടെ ഇല്ലാതായത്.

മുഷിഞ്ഞ സഞ്ചിയും വസ്ത്രവും മോഷ്ടാവെന്ന് പരാതി
കഴിഞ്ഞ ദിവസം പനംകുട്ടിയിലും, പകുതിപ്പാലത്തിന്‍റെ പരിസരപ്രദേശങ്ങളിലുമുള്ള വീടുകൾക്ക് സമീപത്ത് കൂടി മോഷ്ടാവെന്ന് സംശയിക്കുന്ന അപരിചിതനായ ഒരാൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലേക്ക് വന്ന ഒരു ഫോൺകോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പരാതി ലഭിച്ചതിന് പിന്നാലെ സബ് ഇൻസ്‌പെക്ടർമാരായ താജുദ്ദീൻ, അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ എന്നിവർ സ്ഥലത്തേക്ക് പുറപ്പെട്ടു. എന്നാൽ, അവിടെ അപരിചിതരായ ആരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. പ്രദേശത്തുള്ളവരോട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ നേര്യമംഗലം റൂട്ടിലെ വിജനമായ റോഡിലേക്ക് പോകുന്നതായി കണ്ടെന്ന് അറിയാൻ കഴിഞ്ഞു.

സ്റ്റേഷൻ പരിധി കഴിഞ്ഞെങ്കിലും ആളെ കണ്ടെത്താൻ കഞ്ഞിക്കുഴി പോലീസ് തീരുമാനിച്ചു. ഏറെ നേരെത്തെ അന്വേഷണത്തിനൊടുവിൽ പാംബ്ള ഡാമിനടുത്ത് വച്ച് മുഷി‌‌ഞ്ഞ ഒരു ചാക്കും പുറത്ത് തൂക്കി അതിനെക്കാൾ മുഷിഞ്ഞ വേഷത്തിൽ ഒരാൾ വേച്ച് വേച്ച് നടക്കുന്നത് കണ്ടെത്തി. ഹിന്ദി മാത്രമേ അറിയൂ. ഉദ്യോഗസ്ഥർ ഹിന്ദിയില്‍ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി.

പേര് ‘ബറൻ മറാണ്ടി’, ജാർഖണ്ഡ് സ്വദേശി. ഒരു മാസം മുമ്പ് ബറൻ മറാണ്ടിയുടെ ഭാര്യയും മൂന്ന് മക്കളും കേരളത്തിലേക്ക് ഏലക്ക നുള്ളുന്ന ജോലിക്കായി എത്തിയിരുന്നു. ബറൻ മറാണ്ടി അവരുടെ അടുത്തേക്ക് വന്നതാണ്. എറണാകുളത്ത് ട്രെയിൻ ഇറങ്ങി. കോൺട്രാക്ടർക്കൊപ്പം ഇടുക്കിയിലേക്ക് തിരിച്ചു. എന്നാൽ, എപ്പോഴോ ഇരുവരും വഴി പിരിഞ്ഞു. ഒടുവിൽ വനമേഖലയിൽ ബസിറങ്ങി. കൈയിൽ ഫോണില്ല. പണവും. ഹിന്ദിയല്ലാതെ മറ്റ് ഭാഷകളും അറിയില്ല. ബസിറങ്ങി അഞ്ചാറ് കിലോമീറ്ററോളം കോൺട്രാക്ടറെയും തന്‍റെ കുടുംബത്തെയും അന്വേഷിച്ച് അദ്ദേഹം പല വഴി നടന്നു. ഇതിനിടെയാണ് പ്രദേശത്തെ വീടുകൾക്ക് അടുത്ത് കൂടിയും കടന്ന് പോയതും ആളുകളിൽ സംശയം ജനിപ്പിച്ചതും. ഭാഷ അറിയാത്തതും മുഷിഞ്ഞ വേഷവും ചാക്കും ആളുകളിൽ അദ്ദേഹം മോഷ്ടാവാണെന്ന പൊതുധാരണയെ ഊട്ടി ഉറപ്പിച്ചു. ആരും അദ്ദേഹത്തെ അടുപ്പിച്ചില്ല. എങ്ങനെ അവിടെ എത്തിയെന്ന് ചോദിച്ചില്ല. എന്നാൽ അവർ പോലീസിനെ വിളിച്ചറിയിച്ചു.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ, കുടുംബത്തെ അന്വേഷിച്ച് ദിവസങ്ങളായുള്ള അലച്ചിലിൽ അദ്ദേഹം ഏതാണ്ട് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ തങ്ങൾക്കായി കൊണ്ടുവന്ന ഭക്ഷണം ബറൻ മറാണ്ടിക്ക് നൽകി. ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഒരു വിധം ഉഷാറായി. കോണ്‍ട്രാക്ടറുടെ ഫോണ്‍ നമ്പർ അന്വേഷിച്ചെങ്കിലും നമ്പർ എഴുതിയിട്ടിരുന്ന കെട്ട് വഴിയിലെവിടെയോ നഷ്ടപ്പെട്ടിരുന്നു. ഏറെ അന്വേഷണത്തിനൊടുവിൽ പോലീസുകാര്‍ നഷ്ടപ്പെട്ട ആ ചെറിയ ചാക്ക് കണ്ടെടുത്തു. അതിൽ അദ്ദേഹത്തിന്‍റെ കുഞ്ഞിനുള്ള ഉടുപ്പ്, ഭാര്യക്കുള്ള ചുരിദാർ, പിന്നെ കുറച്ച് വസ്ത്രങ്ങളും കുഞ്ഞിന്‍റെ ആധാർ കാർഡും, ഒരു പേപ്പറിൽ എഴുതിയ ഫോൺ നമ്പറും ഉണ്ടായിരുന്നു.

Oplus_131072

ഉദ്യോഗസ്ഥർ ഉടൻ തന്നെ നമ്പറിൽ ബന്ധപ്പെട്ടു. ജാർഖണ്ഡ് സ്വദേശികളാണ് ഫോണെടുത്തത്. സംസാരത്തിൽ ഒന്നും മനസ്സിലായില്ല. പിന്നാലെ മലയാളികളെ കിട്ടുമോയെന്ന് അന്വേഷിച്ചു. അങ്ങനെ അണക്കരയിലുള്ള ഒരു സ്ഥാപനത്തിൽ ഏലക്ക പണിക്ക് വന്ന ആളാണെന്നും അവരുടെ കുടെയുള്ള ഒരാളുടെ ഭർത്താവിനെ കാണാനില്ലെന്നും അറിയാൻ കഴിഞ്ഞു. അത് ബറൻ മറാണ്ടിയാണോയെന്ന അന്വേഷണമായി പിന്നാലെ. ഒടുവിൽ ഇരുവരും ഒരാളാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ അണക്കര വഴി പോകുന്ന ഒരു കെഎസ്ആർടിസ് ബസ് കണ്ടക്ടറോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി മലയാളി കോണ്‍ട്രാക്ടറുടെ ഫോൺ നമ്പറും ജാർഖണ്ഡ് സ്വദേശിയുടെ നമ്പറും എഴുതി നൽകി അവരെ യാത്രയാക്കി. അര മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ടക്ടറുടെ ഫോണ്‍ കോൾ വന്നു. മലയാളിയുടെ നമ്പർ സ്വിച്ച് ഓഫ്! അതുവരെ ആശ്വസിച്ചിരുന്ന പോലീസ് സ്റ്റേഷൻ ടെൻഷനിലായി. പിന്നാലെ ജാർഖണ്ഡ് സ്വദേശിയെ ബന്ധപ്പെട്ടു. ബാറ്ററി തീർന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയതാണെന്ന് അറിഞ്ഞതോടെ ആശ്വാസം. ഇതിനിടെ കണ്ടക്ടർ ഉത്തരവാദിത്വത്തോടെ അദ്ദേഹത്തെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചിരുന്നു.

Oplus_131072

ബറൻ മറാണ്ടി, ഇപ്പോൾ അണക്കരയിലെ നന്ദീശ ആശ്രമത്തിലെ ഏലക്കാ തോട്ടത്തിൽ മൂന്ന് കുട്ടികളോടും ഭാര്യ മിരി സോറനോടുമൊപ്പം ഏറെ സന്തോഷവാനായി ഇരിക്കുന്നെന്ന് സിവിൽ പോലീസ് ഓഫീസർ ഷെരീഫ് പി എ പറഞ്ഞു. കുടുംബത്തോടൊപ്പമുള്ള ഫോട്ടോ അദ്ദേഹം സ്റ്റോഷനിലെ പോലീസുകാർക്ക് അയച്ച് കൊടുത്തു. ഒരു പക്ഷേ, പൊതുജനം ഏറ്റെടുത്തെങ്കിൽ മറ്റൊരു ദുരന്തമാകേണ്ടിയിരുന്ന സംഭവത്തിന് ശുഭപര്യാവസാനമുണ്ടായ സന്തോഷത്തിലാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!