രാജ്യത്തെ മികച്ച കോളേജായി കുട്ടിക്കാനം മരിയൻ കോളജ് തിരഞ്ഞെടുക്കപ്പെട്ടു

മരിയൻ കോളജ് കുട്ടിക്കാനത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രം എന്ന പട്ടികയിൽ നിന്നാണ് അവാർഡിനർഹമായത്.
ഡിസംബർ 12 ന് കൽക്കത്തയിലെ ഫെയർ ഫീൽഡ് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച വേൾഡ് ടാലൻ്റ് ഫെസ്റ്റിവലിലാണ് പുരസ്കാരം സമർപ്പിച്ചത്. മുൻ ബംഗാൾ കാബിനറ്റ് മന്ത്രിയും നിലവിലെ കൽക്കത്ത ട്രാൻ പോർട്ട് കോർപറേഷൻ ചെയർമാനും എം.എൽ.എ. യുമായ മദൻ മിത്ര സർട്ടിഫിക്കറ്റും കൽക്കത്ത കോർപറേഷൻ ചെയർമാൻ തരുൺ സാഹ പുരസ്കാരവും ടി.എം.സി വിദ്യാർത്ഥി പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കോഹിനൂർ മജുംദാർ മെഡലും സമ്മാനിച്ചു. മരിയൻ കോളജ് കുട്ടിക്കാനം (ഓട്ടോണമസ്) പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ഏറ്റുവാങ്ങി.
കഴിഞ്ഞ 5 വർഷം വിദ്യാഭ്യാസ,സാമൂഹിക മേഖലകളിലെ പ്രവർത്തനം,ദേശീയ,അന്തർദേശീയതലത്തിൽവിദ്യാഭ്യാസ,സാമൂഹ്യ,സേവന, കലാ, കായിക ,ആരോഗ്യ മേഖലകളിൽ പുലർത്തുന്ന സേവനങ്ങളാണ് പുരസ്കാര സമതി പരിഗണിച്ചത്. എൻ.സി.സി, എൻ.എസ്.എസ്, വിവിധ ക്ലബുകൾ കൂടാതെ
ദേശീയ, അന്തർദേശീയ തലത്തിൽ കലാ – കായിക രംഗത്ത് പ്രദർശിപ്പിച്ച മികവും നാക് A++
എന്നിവയും പരിഗണിക്കപ്പെട്ടു.
യു. ആർ. എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, യു.എൻ. ഐ. ജി. ഒ പ്രസിഡൻ്റ് പ്രൊഫ. ഡോ. ജസ്ബിർ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.



