BusinessKeralaLatest NewsLocal news

പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിട; ഹരിത കുപ്പി എത്തി: ഹില്ലി അക്വയുടെ പത്ത് വര്‍ഷം നീണ്ട  വിജയയാത്ര

ഇടുക്കിയിലെ മലങ്കരയില്‍ ആരംഭിച്ച ഹില്ലി അക്വ, ഇന്ന് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ജലവിഭവ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (KIIDC) ആണ് ഹില്ലി അക്വയുടെ ഉല്‍പ്പാദനം നടത്തുന്നത്. മിതമായ വില, ഉന്നത ഗുണനിലവാരം, പരിസ്ഥിതി സൗഹൃദത്വം  ഇതെല്ലാം ഹില്ലി അക്വയെ ജനഹൃദയത്തില്‍ സ്ഥിരമായി ഒന്നാം സ്ഥാനം നേടാന്‍ സഹായിച്ചു.

2015-ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്ഥാപിതമായ ഹില്ലി അക്വയുടെ ആദ്യ പ്ലാന്റ് ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിടുകയാണ്. 2021-ല്‍ തിരുവനന്തപുരം അരുവിക്കരയില്‍ ആരംഭിച്ച രണ്ടാമത്തെ പ്ലാന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഹില്ലി അക്വയുടെ വളര്‍ച്ച അതിശയകരമാണ്.2022-23 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവ് 5.22 കോടിയും 2023-24-ല്‍ 8.83 കോടിയും 2024-25-ല്‍ 11.40 കോടി എന്ന നിലയിലേക്ക് ഉയര്‍ന്നു.

ആദ്യഘട്ടത്തില്‍ ആറോളം ഏജന്‍സികളിലൂടെയായിരുന്നു വിതരണം. ഇന്ന് താലൂക്ക് അടിസ്ഥാനത്തില്‍ 55-ല്‍ അധികം വിതരണക്കാര്‍ വഴിയാണ് ഹില്ലി അക്വയുടെ കുപ്പിവെള്ളം കേരളമൊട്ടാകെ എത്തിക്കുന്നത്.
റേഷന്‍ കടകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി., കണ്‍സ്യൂമര്‍ഫെഡ്, കെ.ടി.ഡി.സി., ഫോറസ്റ്റ് ഔട്ട്ലെറ്റുകള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, ജയിലിലെ ഫ്രീഡം ഭക്ഷണശാലകള്‍, ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍, കമ്പനി ഔട്ട്‌ലെറ്റുകള്‍ തുടങ്ങി എല്ലായിടത്തും ഹില്ലി അക്വയുടെ സാന്നിധ്യം ഉറപ്പാണ്.

ദക്ഷിണേന്ത്യയില്‍ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ആദ്യ കമ്പനിയെന്ന പദവിയും ഹില്ലി അക്വയ്ക്ക് സ്വന്തമാണ്. യുഎഇ ആസ്ഥാനമായ ആരോഹണ ജനറല്‍ ട്രേഡിങ് എല്‍.എല്‍.സിക്കാണ് ഇപ്പോള്‍ കയറ്റുമതി നടക്കുന്നത്. 1500 മില്ലി ലിറ്റര്‍, 500 മില്ലി ലിറ്റര്‍ കുപ്പികളിലായി 51,228 ലിറ്റര്‍ വെള്ളം ഇതിനകം തന്നെ കയറ്റി അയച്ചുകഴിഞ്ഞു.

ഹരിത കുപ്പിയുടെ നവകേരളം

പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാനായി ഹില്ലി അക്വ നടത്തിയ അഭിനന്ദനാര്‍ഹമായ നീക്കമാണ് ബയോഡീഗ്രേഡബിള്‍ കുപ്പികളില്‍ ശുദ്ധജലം നിറച്ച് വിതരണം. പോളി ലാക്ടിക് ആസിഡ് (PLA) കുപ്പികളില്‍ ഉത്പാദനം ആരംഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനി ഹില്ലി അക്വയാകും.ആദ്യഘട്ടത്തില്‍ 300 മില്ലി ലിറ്റര്‍ ബയോഡീഗ്രേഡബിള്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിച്ച് സ്വീകരണം വിലയിരുത്തിയ ശേഷം, മറ്റ് അളവുകളിലും വിപുലീകരണം നടത്തും.ഹരിത കുപ്പിവെള്ളം സംസ്ഥാന വിനോദസഞ്ചാര മേഖലകളിലും ശബരിമല, മലയാറ്റൂര്‍ പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ലഭ്യമാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

 ഹില്ലി അക്വയുടെ   രണ്ട് ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് പുറമെ പെരുവണ്ണാമൂഴി (കോഴിക്കോട്), ആലുവ (എറണാകുളം), കട്ടപ്പന (ഇടുക്കി) എന്നിവിടങ്ങളിലും പുതിയ പ്ലാന്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനൊപ്പം ഗുണനിലവാരമുള്ള ഐസ് ക്യൂബുകളുടെ ഉല്‍പ്പാദനവും അരുവിക്കര ഫാക്ടറിയില്‍ നിന്നാരംഭിക്കും. ഇപ്പോള്‍ ഹില്ലി അക്വയില്‍ അറുപതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഹില്ലി അക്വ മികച്ച പിന്തുണ നല്‍കുന്നു. ”സുജലം” പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും 1 ലിറ്റര്‍ കുപ്പിവെള്ളം പത്ത് രൂപ നിരക്കില്‍ ലഭ്യമാക്കുന്നു. കൂടാതെ ദക്ഷിണ റെയില്‍വേയുമായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ വഴി തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ വെള്ളം വിതരണം ചെയ്യുന്നു.

കേരളം മാത്രമല്ല, സമീപ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളിലേക്കും ഹില്ലി അക്വ വിപണി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നു. കൂടാതെ ഗ്ലോബല്‍ ടെന്‍ഡറുകള്‍ മുഖേന കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കും നീങ്ങുകയാണ് ലക്ഷ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!