‘ശുദ്ധവായു ആവശ്യമാണ്; എയർ പ്യൂരിഫയറുകളുടെ GST കുറയ്ക്കുന്ന കാര്യം പരിഗണിക്കണം’; ഡൽഹി ഹൈക്കോടതി

എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി കുറയ്ക്കുന്ന കാര്യം ജി.എസ്.ടി കൗൺസിൽ പരിഗണിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കൗൺസിൽ എത്രയും വേഗം യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പൗരന്മാർക്ക് ശ്വസിക്കാൻ ശുദ്ധവായു നൽകാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ, നിലവിൽ 18 ശതമാനം നികുതി ചുമത്തുന്ന ജിഎസ്ടി കുറയ്ക്കുക എന്നതാണ് അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ മാർഗമെന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി അഭിപ്രായപ്പെട്ടു.
“ജിഎസ്ടി കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന വിഷയം ജിഎസ്ടി കൗൺസിൽ എത്രയും വേഗം പരിഗണിക്കണം. ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാര സാഹചര്യം കണക്കിലെടുക്കുമ്പോൾ, ജിഎസ്ടി കൗൺസിൽ എത്രയും വേഗം യോഗം ചേരുന്നത് ഉചിതം” ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നിർദേശം.
എയർ പ്യൂരിഫയറുകൾക്കു മേൽ 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്.ശുദ്ധവായു ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണം ആയി കാണണമെന്നും അവയുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രം പുറപ്പെടുവിച്ച 2020 ലെ വിജ്ഞാപനത്തിന് കീഴിലുള്ള മെഡിക്കൽ ഉപകരണത്തിന്റെ മാനദണ്ഡങ്ങൾ എയർ-പ്യൂരിഫയർ പാലിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.



