KeralaLatest NewsLocal newsTravel

ഗ്യാപ്പ് റോഡിലെ മലയില്‍ കള്ളന്‍ ഗുഹ;അറിയാം പഴങ്കഥയും ഇപ്പോഴത്തെ കാഴ്ച്ചകളും

മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നിടമാണ് ഗ്യാപ്പ് റോഡ്. കോടമഞ്ഞും കുളിരും മലനിരകളുടെ കാഴ്ച്ചകളുമൊക്കെയാണ് സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കുന്നത്. എന്നാല്‍ ഗ്യാപ്പ് റോഡില്‍ പഴമയും കൗതുകവും ഇഴ ചേര്‍ന്ന മറ്റൊരു കാഴ്ച്ചയുമുണ്ട്. അതാണ് മലയില്‍ കള്ളന്‍ ഗുഹ. ദേവികുളം പിന്നിട്ട് ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്കിടെ ഗ്യാപ്പ് റോഡ് വ്യൂപോയിന്റ് എത്തുന്നതിന് തൊട്ടുമുമ്പ് വലതുവശത്തായി കാണുന്നതാണ് മലയില്‍ കള്ളന്‍ ഗുഹ.

വര്‍ഷങ്ങള്‍ക്ക് മുമ്പെന്നോ തങ്കയ്യന്‍ എന്നോരു കള്ളന്റെ വാസ സ്ഥലമായിരുന്നു ഈ ഗുഹയെന്നാണ് പഴങ്കഥ. പോകെ പോകെ ഈ ഗുഹ കള്ളന്‍ ഗുഹയായി മാറി. കഥയെന്തുമാകട്ടെ ഇവിടിങ്ങിനൊരു ഗുഹയുണ്ടെന്നതും ഈ ഗുഹയിപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നതുമാണ് യാഥാര്‍ത്ഥ്യം. ഗ്യാപ്പ് റോഡിന്റെ ഭംഗിയാസ്വദിക്കാന്‍ എത്തുന്നവര്‍ കള്ളന്‍ ഗുഹയും കണ്ട് മടങ്ങുന്നു. ആദ്യമായി ഗ്യാപ്പ് റോഡിലെത്തുന്നവര്‍ക്ക് പുതുമ നല്‍കുന്നതാണ് മലയില്‍ കള്ളന്‍ ഗുഹ.

ഒരു വലിയ മുറിയുടെ അത്ര വലിപ്പം കള്ളന്‍ ഗുഹക്കുള്ളിലുണ്ട്. ഗുഹക്കുള്ളില്‍ വെളിച്ചമില്ല. മുമ്പ് ഇതിനുള്ളിലൂടെ കുറച്ച് ദൂരം കൂടി മുമ്പോട്ട് പോകാമായിരുന്നുവെന്നും പിന്നീട് ചില പാറക്കല്ലുകളൊക്കെ അടര്‍ന്ന് വീണതോടെയാണ് ഗുഹക്കുള്ളിലെ സഞ്ചാരം ഈ രീതിയില്‍ പരിമിതപ്പെട്ടത് എന്നുമൊക്കെയാണ് ഇവിടെയുള്ള കച്ചവടക്കാര്‍ പറയുന്നത്. ഗ്യാപ്പ് റോഡ് നവീകരിച്ച ശേഷം ഒരു വലിയ മലയിടിച്ചില്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.

അത് ഈ മലയില്‍ കള്ളന്‍ ഗുഹയോട് ചേര്‍ന്നാണ്. പക്ഷെ ആ മലയിടിച്ചിലിലും പുറമെ മലയില്‍ കള്ളന്‍ ഗുഹക്ക് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. മുമ്പ്  ഗ്യാപ്പ് റോഡിന് ഇക്കാണുന്ന വീതിയൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് പാറപൊട്ടിച്ചും മലയിടിച്ചുമൊക്കെയാണ് ഗ്യാപ്പ് റോഡിന്റെ വീതി കൂട്ടിയത്. ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഈ മലയില്‍ കള്ളന്‍ ഗുഹയുടെ ഭാഗം ഒരല്‍പ്പം റോഡിലേക്ക് ഇറങ്ങിയെന്ന പോലെയാണിരിക്കുന്നത്. പഴമപേറുന്ന മലയില്‍ കള്ളന്‍ ഗുഹ സംരക്ഷിക്കണമെന്ന തീരുമാനമാണ് അതിന് കാരണം. മലയില്‍ കള്ളന്‍ ഗുഹയുടെ നവീകരണം നടത്തിയാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്കാകര്‍ഷിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!