
മൂന്നാർ ∙ മൂന്നാറിലെ തിരക്കും ഗതാഗതക്കുരുക്കും നിരീക്ഷിക്കാൻ മഫ്തിയിലെത്തിയ ജില്ലാ പൊലീസ് മേധാവിയും മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽപെട്ടു കിടന്നു. ഗതാഗതക്കുരുക്കിന്റെ തീവ്രത മനസ്സിലായതോടെ പുല്ലുമേട് ഉൾപ്പെടെ ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മടക്കി വിളിച്ച് മൂന്നാറിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ജില്ലാ പൊലീസ് മേധാവി സാബു മാത്യു സ്വന്തം വാഹനം തനിയെ ഓടിച്ച് മൂന്നാറിലെത്തിയത്. രണ്ടാം മൈൽ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കിൽ ഇദ്ദേഹവും മണിക്കൂറുകൾ കുരുങ്ങിക്കിടന്നു. രാത്രിയോടെ മൂന്നാറിലെത്തിയപ്പോൾ പല സ്ഥലങ്ങളിലും പൊലീസ് സാന്നിധ്യം ഇല്ലെന്ന് മനസ്സിലായതോടെയാണ് മറ്റു ഡ്യൂട്ടികൾക്കായി നിയോഗിച്ചവരെ തിരിച്ചുവിളിക്കാൻ നിർദേശം നൽകിയത്.
കൂടാതെ ഇടുക്കി ഉൾപ്പെടെയുള്ള സബ്ഡിവിഷനുകളിൽ നിന്നു പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാറിലേക്ക് തിരക്ക് നിയന്ത്രിക്കാൻ ഡ്യൂട്ടിക്കിടാനും പൊലീസ് മേധാവി നിർദേശം നൽകി. Play Next Mute Current Time 0:06 / Duration 1:24 Fullscreen Backward Skip 10s Play Video Forward Skip 10s ശനിയാഴ്ച മുതൽ മൂന്നാറിൽ കൂടുതൽ പൊലീസ് എത്തി. രണ്ടാം മൈൽ, രാജമല, മാട്ടുപ്പെട്ടി, മൂന്നാർ ടൗൺ തുടങ്ങി എല്ലാ സ്ഥലങ്ങളിലുമായി അൻപത്തഞ്ചിലധികം പൊലീസുകാരാണ് രണ്ടു ദിവസമായി ഡ്യൂട്ടിയിലുള്ളത്. ക്രിസ്മസ്, പുതുവത്സര അവധികളാഘോഷിക്കാനായി മൂന്നാറിൽ ഒരാഴ്ചയായി കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടു മുതൽ അഞ്ചു മണിക്കൂറിലധികം നേരമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുന്നത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളെല്ലാം മണിക്കൂറുകൾ വഴിയിൽ കിടക്കുന്നത് പതിവായിരിക്കുകയാണ്. സഞ്ചാരികളുടെ തിരക്കും ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളുമാണ് ഗതാഗതക്കുരുക്ക് പതിവാകാൻ കാരണം.



