HealthKeralaLatest NewsLocal news

പ്രതിരോധിക്കാം ജീവിത ശൈലീ രോഗങ്ങള്‍: വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

ജീവിതശൈലീ രോഗങ്ങളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ചുമതലയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ. ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’  ക്യാമ്പയിൻ്റെ ജില്ലാതല  ഉദ്ഘാടനം തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസ് സ്റ്റാൻഡിൽ  നിർവഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.

ആരോഗ്യമുള്ള തലമുറയാണ് നാടിൻ്റെ സമ്പത്ത്. എന്നാൽ
മാറിവരുന്ന ഭക്ഷണരീതികളും വ്യായാമക്കുറവും കാരണം നമ്മുടെ കുട്ടികളും യുവജനങ്ങളും ഗുരുതരമായ ജീവിതശൈലീ രോഗങ്ങളുടെ അടിമകളാകുന്നു.  
ഇന്ന് കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പോലും  പ്രമേഹരോഗസാധ്യത ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ചും  വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്കും യുവജനങ്ങൾക്കും അവബോധം നൽകണമെന്നും ഷീല സ്റ്റീഫൻ പറഞ്ഞു.

ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നതാണ് ‘ആരോഗ്യം ആനന്ദം  വൈബ് ഫോർ വെൽനസ്’ ക്യാമ്പയിൻ.  

ക്യാമ്പയിൻ്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവല പുതിയ ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ച റാലി തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ  സാബിറ ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ പ്രവർത്തകർ,
യുവജനങ്ങൾ കുട്ടികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,പൊതുജനങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.

സൈക്കിൾ റാലി, സ്കേറ്റിംഗ്, ഫ്ലാഷ് മോബ് , ജിം ഷോ, ആരോഗ്യത്തിനായി ഗോൾ, ഐ ഇ സി വാൻ എന്നിവയും നടന്നു.  ആമയെ പ്രതീകമാക്കി നല്ല ആരോഗ്യം,നല്ല ശീലം, വൈബ് ജീവിതം എന്ന സന്ദേശം ഹെൽത്തി കുട്ടൻ മാസ്കോട്ടിലൂടെ അവതരിപ്പിച്ചു.  
തൊടുപുഴ അൽ അസ്ഹർ കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളുടെ ഫ്ലാഷ് മോബും അരങ്ങേറി.

എറണാകുളം ഡി എം ഒ ഓഫീസുമായി സഹകരിച്ച് കോതമംഗലം മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (MBITS) കോളേജിൽ സംഘടിപ്പിച്ച മെഗാ ഇവൻ്റിൽ ആശമാരുടെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗങ്ങളെ തടയുന്നതിനായുള്ള ആരോഗ്യ സന്ദേശങ്ങൾ ഉയർത്തി കലാപരിപാടികൾ അവതരിപ്പിച്ചു.

പരിപാടിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ,മറ്റു ഇതര വകുപ്പുകൾ, ബിസിനസ് വ്യവസായ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വാർഡ് കൗൺസിലർ സുബൈദ സെയ്ത് മുഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ ഖയസ്,ടെക്നിക്കൽ അസിസ്റ്റൻ്റ് റ്റി.കെ ഷിജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻ്റ് മീഡിയാ ഓഫീസർ വി.ആർ ഷൈലാഭായി, ആരോഗ്യ കേരളം ജൂണിയർ കൺസൾട്ടൻ്റ് ശ്രീ ജിജിൽ മാത്യു ആരോഗ്യ വകുപ്പ് ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ, ആശമാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!