ഇടുക്കി ഗവ. നഴ്സിങ് കോളേജിലെ വിദ്യാർഥിനികൾ ഇനി പൈനാവിലെ ഹോസ്റ്റലിൽ

ചെറുതോണി : ഇടുക്കി ഗവ. നഴ്സിങ് വിദ്യാർഥിനികൾക്ക് അനുവദിച്ച പൈനാവിലെ ഹോസ്റ്റൽ കളക്ടർ ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. മെഡിക്കൽവിദ്യാർഥികൾ താമസിച്ചിരുന്ന പൈനാവിലെ 39-മുറികളുള്ള ഹോസ്റ്റൽ കെട്ടിടമാണ് നഴ്സിങ് വിദ്യാർഥിനികൾക്ക് വിട്ടുനൽകിയത്. ഹോസ്റ്റലിൽ 94-നഴ്സിങ് വിദ്യാർഥിനികൾക്ക് താമസസൗകര്യം ലഭിക്കും. ആദ്യ രണ്ട് ബാച്ചുകളിലെ വിദ്യാർഥിനികൾക്കാണ് ഇപ്പോൾ പൈനാവിൽ താമസമൊരുക്കിയത്. ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഹോസ്റ്റൽ കെട്ടിടം നഴ്സിങ് വിദ്യാർഥിനികൾക്ക് വിട്ടുകൊടുത്തത്.
2023 നവംബർ ഒന്നാം തീയതി ആരംഭിച്ച ഇടുക്കി ഗവ. നഴ്‌സിങ് കോളേജിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം വിദ്യാർഥിനികൾ നട്ടംതിരിയുന അവസ്ഥയിലായിരുന്നു. നിലവിൽ മൂന്ന് ബാച്ചുകളിലായി 180 നഴ്സിങ് വിദ്യാർഥികളാണ് പഠിക്കുന്നത്.
കോളേജിന്റെ ആരംഭസമയത്ത് ജില്ലാഭരണകൂടം ഇടപെട്ട് ഹോസ്റ്റലായി ഏറ്റെടുത്തു നൽകിയത് വിദ്യാധിരാജാ ട്രസ്റ്റിന്റെ കീഴിൽ ചെറുതോണി ഡാമിനു സമീപം പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ്. ഇവിടെ നിലവിൽ നൂറോളം നഴ്സിങ് വിദ്യാർഥിനികളാണുള്ളത്.
ഓരോ ക്ലാസ് റൂമിലും 12 മുതൽ 18 വരെ പേർ തിങ്ങിക്കഴിയുന്ന അവസ്ഥയിലായിരുന്നു. ഹോസ്റ്റലിലെ ദുരവസ്ഥമൂലം കഴിഞ്ഞവർഷം വിദ്യാർഥികൾ സൂചനാസമരം നടത്തുകയും ഹൈക്കോടതിയിൽ കേസ് നൽകുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ മന്ത്രി, ഡിഎംഇ, കളക്ടർ തുടങ്ങിയവർ ഇടപെട്ട് മെഡിക്കൽവിദ്യാർഥികളുടെ പൈനാവിലെ പഴയഹോസ്റ്റൽ നഴ്‌സിങ് വിദ്യാർഥിനികൾക്കായി വിട്ടുനൽകാമെന്ന് ഉറപ്പുനൽകിയെങ്കിലും അത് വിട്ടുനൽകാൻ അധികൃതർ ആദ്യം തയ്യാറായില്ല. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ
ഒക്ടോബർ 23-ന് വിദ്യാർഥി പ്രതിനിധികളും പിടിഎ ഭാരവാഹികളുമായി ചർച്ചനടത്തി പൈനാവിലെ ഹോസ്റ്റൽ ഉടൻ നഴ്സിങ് വിദ്യാർഥിനികൾക്ക് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താത്തതുമൂലം സമീപപ്രദേശങ്ങളിലെ വീടുകളിൽ താമസിച്ചാണ് അവർ പഠനം നടത്തുന്നത്. ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുടെ അപര്യാപ്തതമൂലവും അധ്യാപകരുടെ കുറവുമൂലവും നിലവിൽ കുട്ടികളുടെ പഠനം അനിശ്ചിതാവസ്ഥയിലാണ്.
ഐഎൻസി അംഗീകാരം ഉൾപ്പെടെയുള്ള കാര്യങ്ങളും മറ്റ് ഭൗതികസൗകര്യങ്ങളും അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. എഡിഎം ഷൈജു പി.ജേക്കബ്, സീനിയർ സൂപ്രണ്ട് പി.കെ. റെജിമോൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എം. റിയാസ്, പിടിഎ പ്രസിഡന്റ് പി.ആർ. രാജിമോൾ, വിദ്യാർഥിപ്രതിനിധി ദേവിക സിനോജ് തുടങ്ങിയവർ ഉദ്ഘാടനയോഗത്തിൽ പ്രസംഗിച്ചു.



