ദേശിയപാത 85 ൽ നടന്നു വരുന്ന നിർമ്മാണ ജോലികൾ നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്

അടിമാലി:ദേശിയപാത 85 ൽ നടന്നു വരുന്ന നിർമ്മാണ ജോലികൾ നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന സ്ഥിതിയുണ്ട്. സഞ്ചാരികളുടെ തിരക്കേറിയതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമാണ്. ദേശിയ പാത നവീകരണ ജോലികൾ ഗതാഗത കുരുക്കിനുളള കാരണങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കപ്പെടുന്നു. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചാണ് പലയിടത്തും മണ്ണ് നീക്കുകയും സംരക്ഷണ ഭിത്തി നിർമ്മിക്കുകയുമൊക്കെ ചെയ്യുന്നത്.
ഈ സമയത്ത് റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് നിർമ്മാണ ജോലികൾ നടത്തുന്നത്. തിരക്കേറുന്നതോടെ ഇത് വലിയ ഗതാഗത കുരുക്കിന് ഇടവരുത്തുന്ന സാഹചര്യത്തിലാണ് ദേശിയ പാത നവീകരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുള്ളത്. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ പണികൾ നിർത്തി വയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്. വാളറ മുതൽ മൂന്നാർ വരെയാണ് നിലവിൽ ദേശിയപാതയിൽ നിർമ്മാണ ജോലികൾ നടക്കുന്നത്.
ഓടകളുടെ നിർമ്മാണവും സംരക്ഷണ ഭിത്തി നിർമ്മിച്ച് റോഡിന് വീതി കൂട്ടുന്ന ജോലികളുമാണ് നടക്കുന്നത്. ദേശിയപാതക്ക് പുറമെ ആനച്ചാലിലടക്കം മൂന്നാറിൻ്റെ സമീപ പ്രദേശങ്ങളിലൊക്കെയും ഗതാഗത കുരുക്ക് രൂക്ഷമാണ്.



