മാങ്കുളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളോട് മുഖം തിരിച്ച് വിനോദസഞ്ചാരവകുപ്പ്

മാങ്കുളം: വിനോദസഞ്ചാര സാധ്യതകളേറെയുള്ള മാങ്കുളത്തോട് വിനോദ സഞ്ചാര വകുപ്പ് മുഖം തിരിക്കുന്നു. സാഹസിക ടൂറിസത്തില്‍ ഉള്‍പ്പെടെ പദ്ധതികള്‍ ആവിക്ഷക്കരിച്ചാല്‍ നിരവധിയായ സഞ്ചാരികളെ മാങ്കുളത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഭൂപ്രകൃതി തന്നെയാണ് ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെന്നപോലെ മാങ്കുളത്തേക്കും സഞ്ചാരികള്‍ എത്താനുള്ള പ്രധാന ആകര്‍ഷണം. പെരുമ്പന്‍കുത്ത്, മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം, ചിന്നാര്‍ കുത്ത്, നക്ഷത്രകുത്ത് തുടങ്ങി നിരവധിയായ വെള്ളച്ചാട്ടങ്ങള്‍ മാങ്കുളത്തുണ്ട്.

പുഴകളും കാനന ഭംഗിയുമൊക്കെയാണ് മാങ്കുളത്തെ കാഴ്ച്ചകള്‍ കൂടുതല്‍ മനോഹരമാക്കുന്നത്. ഒപ്പം കാട്ടാനകളെ തൊട്ടരികില്‍ നിന്ന് കാണാന്‍ കഴിയുന്ന ആനക്കുളവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളാണ്. ജീപ്പ് സഫാരിയാണ് മാങ്കുളത്തിന്റെ മറ്റൊരു വിനോദ സഞ്ചാര സാധ്യത. സാഹസിക ടൂറിസത്തിന് ഇടമൊരുക്കാവുന്ന സ്ഥലമാണ് മാങ്കുളം.

സ്വിപ്പ് ലൈനുകള്‍, ഗ്ലാസ് ബ്രിഡ്ജുകള്‍ തുടങ്ങി വലിയ മുതല്‍മുടക്ക് വരുന്ന സാഹസിക ടൂറിസം പദ്ധതികള്‍ ആവിക്ഷക്കരിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയാണ് മാങ്കുളത്തിന്റേത്. വെള്ളച്ചാട്ടങ്ങളേയും വ്യൂപോയിന്റുകളേയുമൊക്കെ ഇതിന്റെ ഭാഗമാക്കാം. ഇനിയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തദ്ദേശിയരായവര്‍ക്ക് മാത്രമറിയാവുന്ന സഞ്ചാരികള്‍ എത്താത്ത ഇടങ്ങളും മാങ്കുളത്തുണ്ട്.

മാങ്കുളത്തിന്റെ വിനോദ സഞ്ചാര സാധ്യത വേണ്ടവിധം പ്രയോജനപ്പെടുത്തി വലിയ മുതല്‍മുടക്കുള്ള സാഹസിക ടൂറിസം പദ്ധതികള്‍ വിനോദ സഞ്ചാര വകുപ്പ് ആവിക്ഷക്കരിച്ചാല്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ മാങ്കുളവും കണ്ട് മടങ്ങുന്ന സ്ഥിതിയുണ്ടാകും. ഇത് മാങ്കുളത്തിന്റെ വിനോദ സഞ്ചാര മുഖം മാറ്റുമെന്നതിനൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണകാര്‍ക്കും ഗുണകരമാകും. ഒപ്പം വിനോദ സഞ്ചാര വകുപ്പിന് മെച്ചപ്പെട്ട വരുമാനം ലഭ്യമാകുന്നതിനും കളമൊരുങ്ങും. ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവര്‍ധനവിനും തുക വകയിരുത്തേണ്ടതായുണ്ട്.