ഒടുവിൽ ശാപമോക്ഷമാകുന്നു : മൂന്നാർ ജനറൽ ആശുപത്രി റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു…

മൂന്നാർ : ഒരു പതിറ്റാണ്ടിലധികമായി തകർന്നു കിടക്കുന്ന മൂന്നാറിലെ ഏക ആശുപത്രിയായ ജിഎച്ചിലേക്കുള്ള റോഡിന് ശാപമോക്ഷമാകുന്നു. റോഡിന്റെ പുനർനിർമാണത്തിനായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായതോടെ മഴ മാറിയാലുടൻ പണികൾ ആരംഭിക്കും. ടൗണിനു സമീപമുള്ള ജനറൽ ആശുപത്രിയിലേക്കുള്ള അര കിലോമീറ്റർ റോഡാണ് 10 വർഷമായി തകർന്ന് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്തവിധം വൻ കുഴികൾ രൂപപ്പെട്ടുകിടക്കുന്നത്.
ദിവസവും വിനോദ സഞ്ചാരികളടക്കമുള്ള നിരവധി രോഗികളാണ് മൂന്നാറിലെ ഏക ചികിത്സ കേന്ദ്രമായ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. റോഡിലെ വൻകുഴികൾ കാരണം അത്യാസന്ന നിലയിലുള്ള രോഗികൾ ഉൾപ്പെടെയുള്ളവരുമായി എത്തുന്ന ആംബുലൻസ് അടക്കമുളള വാഹനങ്ങൾ ഏറെ സമയമെടുത്താണ് ഇത്രയും ദൂരം കടക്കുന്നത്. കാൽനടയാത്രക്കാർക്ക് ഇതുവഴി കടന്നു പോകാൻ കഴിയില്ലായിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികൾ സമരങ്ങൾ നടത്തിയിരുന്നു.