
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വിനോദസഞ്ചാരികള്‍ക്കുനേരേ കൈയേറ്റം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നാര്‍ നഗര്‍ റോഡിലായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വിനോദ സഞ്ചാരത്തിനെത്തിയ ചെന്നൈ സ്വദേശികള്‍ക്ക് നേരെ ആക്രമണമുണ്ടായതായാണ് പരാതി.
സംഘത്തിലുണ്ടായിരുന്ന യുവതിയെ നെഞ്ചില്‍ പിടിച്ചുതള്ളിയതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്നാര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ ലക്ഷ്മി എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ സുധാകരനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് കാറിലായി പത്തുപേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഇതില്‍ ഒരു കാര്‍ സുധാകരന്റെ ഓട്ടോറിക്ഷയുമായി ഉരസി. ഇതേത്തുടര്‍ന്ന് സഞ്ചാരികളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതില്‍ ഇടപെടാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്ന യുവതിയെ നെഞ്ചില്‍ പിടിച്ചുതള്ളിയെന്നാണ് പരാതി.
മൂന്നാര്‍ എസ്എച്ച്ഒ ബിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തേ പള്ളിവാസല്‍, ടോപ്‌സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. വിനോദ സഞ്ചാരികള്‍ക്കു നേരേ ആക്രമണമുണ്ടായാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും, സഞ്ചാരികള്‍ക്ക് ഏതുസമയത്തും സഹായത്തിനായി പോലീസുമായി ബന്ധപ്പെടാമെന്നും മൂന്നാര്‍ പോലീസ് അറിയിച്ചു.



