വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടുകൊമ്പന്മാര് റോഡിലിറങ്ങുന്നു; ആശങ്കയില്‍ യാത്രക്കാര്‍

മൂന്നാര്‍: മഴ മാറി വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടുകൊമ്പന്മാര് റോഡിലേക്കിറങ്ങി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം മറയൂര്‍ ചിന്നാര്‍ റോഡില്‍ ഇറങ്ങിയ വിരിക്കൊമ്പനെന്ന കാട്ടാന ഏറെ സമയം ഗതാഗത തടസ്സം തീര്‍ത്തു. ഒരു മണിക്കൂറോളം സമയം യാത്രക്കാര്‍ പെരുവഴിയില്പെട്ടു. കാട്ടാന പിന്‍വാങ്ങിയതോടെയാണ് പിന്നീട് ഇവരുടെ യാത്ര സാധ്യമായത്.
കാട്ടാന റോഡിലിറങ്ങിയെങ്കിലും കൂടുതല്‍ പരാക്രമങ്ങള്‍ക്ക് മുതിരാതിരുന്നത് ആശ്വാസമായി. കഴിഞ്ഞ വേനല്‍ക്കാലത്ത് കാട്ടുകൊമ്പന് വിരിക്കൊമ്പന്റെ ശല്യം മറയൂര്‍ ചിന്നാര്‍ റോഡില്‍ രൂക്ഷമായിരുന്നു. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കന്നിമലക്ക് സമീപം കഴിഞ്ഞ ദിവസം കാട്ടാന കൂട്ടം സമാന രീതിയില്‍ യാത്രക്കാരെ വഴി തടഞ്ഞിരുന്നു. വേനല്‍ക്കനക്കുന്നതോടെ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാന ശല്യം വര്‍ധിക്കുമോയെന്ന ആശങ്ക വാഹനയാത്രികര്ക്കുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ പാതയില്‍ കാട്ടുകൊമ്പന് പടയപ്പയും നിരവധി തവണ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. അതേ സമയം റോഡില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുമ്പോള്‍ അത് നിരീക്ഷിച്ച് യാത്രകാര്‍ക്ക് കൃത്യമായ വിവരം നല്‍കാനുള്ള വനംവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്



