
അടിമാലി : താഴ്ന്ന് നിന്നിരുന്ന ഇറച്ചിക്കോഴിയുടെ വില മേലോട്ട് കുതിക്കുകയാണ്. നൂറ്ററുപതിനടുത്താണ് ഒട്ടുമിക്ക ഇടങ്ങളിലും ഇറച്ചിക്കോഴിയുടെ നിലവിലെ വില്‍പ്പന വില. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയിലാണ് ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കോഴിയുടെ ആവശ്യകത വര്‍ധിച്ചതോടെയാണ് വിപണിയില്‍ കോഴി വില കുതിച്ചുയര്‍ന്നത്. രണ്ടാഴ്ച്ചക്കാലം കൊണ്ട് 30 രൂപക്ക് മുകളില്‍ ഇറച്ചിക്കോഴിക്ക് വിപണിയില്‍ വില വര്‍ധനവ് ഉണ്ടായി. വിലയില്‍ ഇനിയും വര്‍ധനവുണ്ടാകാനുള്ള സാധ്യത വ്യാപാരികള്‍ തള്ളിക്കളയുന്നില്ല.
നാളുകള്‍ക്ക് മുമ്പ് സമാന രീതിയില്‍ ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുകയും സാധാരണക്കാര്‍ക്കൊപ്പം ഹോട്ടല്‍മേഖലക്കും വില വര്‍ധനവ് തിരിച്ചടിയായി തീരുകയും ചെയ്തിരുന്നു. പിന്നീട് വിലയില്‍ കുറവ് സംഭവിച്ചു. അയല്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെയാണ് ഹൈറേഞ്ചിലേക്കാവശ്യമായ ഇറച്ചിക്കോഴി വില്‍പ്പനക്കെത്തുന്നത്.
കോഴിത്തീറ്റയുടെ വില വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍കൊണ്ട് കര്‍ഷകര്‍ പലരും ഇറച്ചികോഴിവളര്‍ത്തലില്‍ നിന്നും പിന്നോക്കം പോയിരുന്നു. കോഴിവില വീണ്ടും മേലോട്ട് ഉയരുന്നത് സാധാരണകാര്‍ക്കും ഒപ്പം ഹോട്ടല്‍മേഖലക്കും അധിക സാമ്പത്തിക ബാധ്യത വരുത്തും.



