Latest News

നിങ്ങളറിഞ്ഞോ? ചന്ദ്രന്‍ ഇങ്ങടുത്തെത്തി! ഇന്ന് രാത്രി മാനം നോക്കൂ……

പുതിയ വര്‍ഷം ആരംഭിച്ചതിന് പിന്നാലെ അതിശയകരമായ കാഴ്ചകളൊരുക്കി ആകാശവും 2026 നെ വരവേല്‍ക്കുകയാണ്. രാത്രിയുടെ ആകാശത്തെ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ മൂണ്‍ എത്തിക്കഴിഞ്ഞു. ഇന്ന് രാവിലെ സൂര്യനുദിക്കും മുന്‍പ് ആകാശം നോക്കിയവര്‍ പതിവിലുംവലിപ്പത്തിലും പ്രകാശത്തിലും തിളങ്ങുന്ന അമ്പിളിയെ കണ്ടു കാണും. ഈ ദൃശ്യവിസ്മയത്തിന്‍റെ പാരമ്യം ഇന്ന് രാത്രിയാണ്. അതായത്, 2026 ലെ ആദ്യത്തെ പൂർണ്ണചന്ദ്രനും സൂപ്പര്‍ മൂണുമാണ് ഇന്ന് രാത്രി ആകാശത്തിന് മിഴിവേകുക. ഈ വര്‍ഷം ആകെ മൂന്ന് സൂപ്പര്‍ മൂണുകളാണുള്ളത്. ഇതില്‍ ആദ്യത്തേതായ ‘വുൾഫ് സൂപ്പർ മൂൺ’ ആണ് ഇന്ന് ദൃശ്യമാകുക.

എന്താണ് സൂപ്പര്‍ മൂണ്‍?

ദീർഘവൃത്താകൃതിയിലുള്ള പാതയിലാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. അതിനാൽ ചില സമയങ്ങളിൽ ചന്ദ്രൻ ഭൂമിക്ക് വളരെ അടുത്തെത്തും. മറ്റു ചിലപ്പോൾ വളരെ അകലെയായിരിക്കും. ഇത്തരത്തില്‍ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം (പെരിജിക്ക് സമീപം) പൂർണ്ണചന്ദ്രൻ കൂടി വന്നാൽ അതിനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. ജനുവരി 3 ന് ചന്ദ്രൻ ഏകദേശം 362,000 കിലോമീറ്റർ അകലെയായിരിക്കും. ഈ സമയം ഭൂമിയോട് ഏറ്റവും അകലെ ആയിരിക്കുമ്പോള്‍ (അഫെലിയോൺ) ഉള്ളതിനേക്കാൾ 6–14% വരെ വലുതും 13–30% വരെ തിളക്കവും ചന്ദ്രനുണ്ടാകും. അതേസമയം, ഇന്ന് രാത്രി ഏകദേശം 10:45 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ഭൂമി സൂര്യന്‍റെ ഭ്രമണപഥത്തിന് ഏറ്റവും അടുത്തെത്തും (പെരിഹെലിയോൺ) .

ഇത് ചന്ദ്രോപരിതലത്തിൽ വീഴുന്ന സൂര്യപ്രകാശത്തിന്‍റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. ഇത് ചന്ദ്രന്‍റെ തിളക്കവും വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെ 2026 ലെ ഏറ്റവും തിളക്കമുള്ള പൂർണ്ണചന്ദ്രന്മാരിൽ ഒന്നായിരിക്കും വൂള്‍ഫ് മൂണ്‍. പെരിഹെലിയോൺ സമയത്ത്, ഭൂമി അതിന്‍റെ ഭ്രമണപഥത്തിലെ ഏറ്റവും വേഗതയിൽ, ഏകദേശം സെക്കൻഡിൽ 30.27 കിലോമീറ്റർ വേഗതയിലായിരിക്കും കറങ്ങുക.

എപ്പോള്‍ കാണാം?

ഇന്ത്യയിലെ ആകാശ നിരീക്ഷകർക്ക് ജനുവരി 3 ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ വൂള്‍ഫ് സൂപ്പര്‍ മൂണിനെ കാണാന്‍ സാധിക്കും. ഇന്ത്യൻ സമയം വൈകുന്നേരം 5:45 മുതൽ വൈകുന്നേരം 6:00 വരെയാണ് അനുയോജ്യമായ സമയം. പുലർച്ചെ പടിഞ്ഞാറ് അസ്തമിക്കുന്നത് വരെ രാത്രി മുഴുവൻ ഇത് ദൃശ്യമാകും. നഗ്നനേത്രങ്ങളാല്‍ തന്നെ ഈ വിസ്മയ കാഴ്ച അനുഭവിച്ചറിയാം. ഒരു ദൂരദര്‍ശിനി കൂടെയുണ്ടെങ്കില്‍ അനുഭവം വേറെ ലെവലാകും. മാത്രമല്ല ചന്ദ്രനടുത്ത് തിളക്കമുള്ള വ്യാഴത്തെയും കാണാം. ആകാശക്കാഴ്ച ഇന്ത്യയിലുടനീളം ദൃശ്യമാകുകും.

വുൾഫ് മൂൺ

ജനുവരിയിലെ പൂർണ്ണചന്ദ്രനെയാണ് കാലങ്ങളായി വൂള്‍ഫ് മൂണ്‍ എന്ന് വിളിക്കുന്നത്. വടക്കൻ അർദ്ധഗോളത്തിലെ നാടോടിക്കഥകളിൽ നിന്നാണ് ഈ പേര് വരുന്നത്. കഥകളിലെ ശൈത്യകാലത്തിന്‍റെ മധ്യത്തിലെ രാത്രികളില്‍ പൂര്‍ണ ചന്ദ്രനെ നോക്കി ഓരിയിടുന്ന ചെന്നായ്ക്കളില്‍ നിന്നാണ് പേര് ലഭിക്കുന്നത്. എന്നാല്‍ ഇന്ന് ഓരോ മാസത്തെയും പൂർണ്ണചന്ദ്രനെ വേർതിരിച്ചറിയാനുള്ള മികച്ച മാര്‍ഗമാണ് ഇത്തരത്തിലുള്ള പേരുകള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!