
തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ കുറ്റക്കാരനായ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും. മൂന്ന് വർഷമാണ് ആന്റണിരാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള 6 വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തിയിരുന്നു.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നായിരുന്നു മുൻ മന്ത്രി ആന്റണി രാജു പറഞ്ഞത്.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ കുറ്റമാണ് തെളിയിക്കപ്പെട്ടത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രിൽ ഏപ്രിൽ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായത്. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മാറ്റുകയായിരുന്നു



