വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

മൂന്നാര്‍:ആറു വര്‍ഷമായി പൂട്ടിക്കിടക്കുന്ന വട്ടവടയിലെ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. വട്ടവട ഊര്‍ക്കാടുള്ള ഹോര്‍ട്ടികോര്‍പ്പിനു കീഴിലുള്ള കേന്ദ്രത്തിലാണ് കലക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയത്. ശീതകാല പച്ചക്കറികളുടെ കലവറയായ വട്ടവടയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായവില നല്‍കി വാങ്ങുന്നതിനും വിപണനം നടത്തുന്നതിനും സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു 2019 സെപ്റ്റംബര്‍ 24ന് വട്ടവടയിലെ ഊര്‍ക്കാട്ടില്‍ കേരള ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ കാര്‍ഷിക വിപണന സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
2.64 കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം പക്ഷെ നാളിതു വരെ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കോവിലൂര്‍ ടൗണില്‍നിന്ന് ഏറെ ദൂരെയുള്ള ഇവിടേക്ക് കര്‍ഷകര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും സാധനങ്ങളുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രധാന റോഡില്‍ നിന്ന് സംഭരണ കേന്ദ്രത്തിലേക്കുള്ള കുത്തനെയുള്ള കയറ്റം കയറാന്‍ കഴിയാത്തതും കാരണമാണ് കേന്ദ്രം അടഞ്ഞു കിടക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.
പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനുള്ള സാധ്യത തേടി കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. കേന്ദ്രത്തിലേക്ക് പ്രധാന പാതയില്‍നിന്നു പച്ചക്കറികളുമായെത്തുന്ന വാഹനങ്ങള്‍ കയറി വരുന്നതിനായി റോഡിന്റെ കയറ്റം കു റക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. 2019ല്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്ന വി എസ് സുനില്‍ കുമാര്‍ നേരിട്ടെത്തിയായിരുന്നു കാര്‍ഷിക വിപണന സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിനും പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഈ കാര്‍ഷിക വിപണന സമുച്ചയം നിലവില്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ നശിക്കുന്ന സ്ഥിതിയുണ്ട്.



