വേനല്‍ക്കാലമാരംഭിച്ചതോടെ ഒറ്റയാന്‍മാര്‍ മൂന്നാറിലെ ജനവാസമേഖലകളില്‍ ഇറങ്ങി വിലസുന്നു

മൂന്നാര്‍: മഴമാറി വേനല്‍ക്കാലമാരംഭിച്ചതോടെ മുന്‍ വര്‍ഷത്തെയെന്ന പോലെ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കാടിറങ്ങി നാട്ടിലേക്കെത്തുന്ന ഒറ്റയാന്‍മാരാണ് അധികവും ആശങ്ക തീര്‍ക്കുന്നത്. വിരിക്കൊമ്പനും പടയപ്പയുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പരാക്രമത്തിന് മുതിര്‍ന്നതെങ്കില്‍ ഒറ്റകൊമ്പനും ജനവാസ മേഖലയിലേക്കെത്തിയതോടെ ആളുകളുടെ ജീവിതം കൂടുതല്‍ ദുസഹമാകുകയാണ്.
കല്ലാറിലുള്ള മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിലെത്തിയ ഒറ്റകൊമ്പന്‍ പിന്നീട് നല്ലതണ്ണി ഐ റ്റി ഡി ഭാഗത്തുമെത്തി. കാട്ടാനയിവിടെ കൃഷിനാശവും വരുത്തി. കാട്ടുകൊമ്പന്‍മാര്‍ ജനവാസ മേഖലയില്‍ ഇറങ്ങി സൈ്വര്യവിഹാരം നടത്താന്‍ തുടങ്ങിയതോടെ തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു.
വീടുകള്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുമോയെന്ന ഉള്‍ഭയം എല്ലാവര്‍ക്കും ഉണ്ട്. മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കാട്ടാനകള്‍ കൂടുതലായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയും ജനജീവിതം കൂടുതല്‍ ദുസഹമാകുകയും ചെയ്തിരുന്നു. കാടിറങ്ങുന്ന കാട്ടുകൊമ്പന്‍മാരെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം. ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനകള്‍ പ്രധാന റോഡുകളിലേക്കടക്കമെത്തി ഗതാഗത തടസ്സം സൃഷ്ടിക്കുന്ന സാഹചര്യവുമുണ്ട്.



