
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഊർജ്ജിതമാക്കി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കെപിസിസി നേതൃ ക്യാമ്പ് ഇന്ന് തുടങ്ങും. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ ,എം.എൽ.എമാർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പരിശോധിച്ച് പോരായ്മകൾ തിരുത്താനുള്ള ചർച്ചയും രണ്ട് ദിവസത്തെ ക്യാമ്പിൽ നടക്കും.
അതിനിടെ കേരളം അടക്കം തിരഞ്ഞെടുപ്പ് അടുത്ത 5 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിന് ഉൾപ്പെടെ സ്ക്രീനിങ് കമ്മിറ്റി എഐസിസി നേതൃത്വം പ്രഖ്യാപിച്ചു.കേരളത്തിലെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്രി ആണ്. ഡോ. സൈദ് നസീര്‍ ഹുസൈൻ നീരജ് ദാംഗി, അഭിഷേക് ദത്ത് എന്നിവര്‍ ഉൾപ്പെടെ സ്ക്രീനിംഗ് കമ്മിറ്റിയിൽ നാല് അംഗങ്ങൾ ആണുള്ളത്. അസമിലെ സ്ക്രീനിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക ഗാന്ധി ആണ്. തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിംഗ് ദിയോയെയും പശ്ചിമ ബംഗാളിൽ ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി നിയമിച്ചു. ജനറൽ സെക്രട്ടറിമാർ പിസിസി അധ്യക്ഷൻമാർ പ്രതിപക്ഷ നേതാക്കൾ എഐസിസി സെക്രട്ടറിമാർ എന്നിവർ സ്ക്രീനിംഗ് കമ്മിറ്റിയിലെ എക്സ്ഓഫീഷ്യോ അംഗങ്ങൾ ആകും.



