ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധി; ദേശിയ പാത സംരക്ഷണ സമിതി തുടര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
അടിമാലി: ദേശിയപാത 85ല്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ദേശിയ പാത സംരക്ഷണ സമിതി തുടര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ കഴിയുകയാണ്. നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ട ശേഷം നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നു.
എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്ക് തുടരുകയാണെന്നും ഈ സാഹചര്യത്തിലാണ് പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് തുടര്‍ സമരത്തിന് ദേശിയപാത സംരക്ഷണ സമിതി തീരുമാനമെടുത്തിട്ടുള്ളതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ സമരങ്ങളില്‍ തീരുമാനം കൈ കൊള്ളാന്‍ ഈ മാസം 8 ന് സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ക്കും.
പ്രശ്‌ന പരിഹാരം കാണും വരെ തുടര്‍ സമര പരിപാടികള്‍ നടത്താനാണ് ദേശിയപാത സംരക്ഷണ സമിതിയുടെ തീരുമാനം. പ്രശ്‌നത്തില്‍ സമാന താല്‍പര്യമുള്ള എല്ലാവരുമായും കൈ കോര്‍ക്കുമെന്നും ദേശിയപാത സംരക്ഷണ സമിതി വ്യക്തമാക്കി. വാളറ മുതല്‍ നേര്യമംഗലം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ ജോലികളാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്. നിര്‍മ്മാണ ആരംഭത്തില്‍ പാതയോരത്ത് നിന്ന് മണ്ണ് നീക്കുകയും ഓടകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷമായിരുന്നു നിര്‍മ്മാണം തടസ്സപ്പെട്ടത്.
ദേശിയപാതയില്‍ മറ്റ് ഭാഗങ്ങളില്‍ ദൃതഗതിയില്‍ നിര്‍മ്മാണം മുമ്പോട്ട് പോകുന്നുണ്ട്. ഏറ്റവും അടിയന്തിരമായി നിര്‍മ്മാണ നടക്കേണ്ടുന്ന ഭാഗത്താണ് തടസ്സവാദം പ്രതിസന്ധി തീര്‍ത്തിട്ടുള്ളത്.



