CrimeKeralaLatest NewsLocal news

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ

സംസ്ഥാനത്ത് നാല് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി. ഇടുക്കി, കാസർകോട്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കോടതി നടപടികൾ മുടങ്ങുകയായിരുന്നു. നിലവിൽ കോടതിയിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഇടുക്കി കോടതിയിലേക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ലക്ഷ്യമിടുന്നത് ശ്രീലങ്കൻ ഈസ്റ്റർ മോഡൽ ആക്രമണമെന്നാണ് മെയിലിൻ്റെ ഉള്ളടക്കം. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. മുഹമ്മദ് അസ്ലം വിക്രം എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയിട്ടുള്ളത്. മലപ്പുറം മഞ്ചേരി കോടതിയിലും ബോംബ് ഭീഷണിയുണ്ടായി. കോടതിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്ക്വാഡ് പരിശോധിച്ചുവരികയാണ്. കാസർകോട് ജില്ലാ കോടതിയിൽ ഇന്ന് പുലർച്ചെ 3.22 നാണ് ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ”നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക” എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി.

പത്തനംതിട്ട ജില്ലാ കോടതിയിലും ഇ-മെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് ഭീഷണിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുകയാണ്. വിവിധ കോടതികളും മിനി സിവിൽ സ്റ്റേഷനും പ്രവർത്തിക്കുന്ന കെട്ടിടമാണ്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിലെ വ്യാജ ബോംബ് ഭീഷണിയിൽ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് ആണ് കേസ് എടുത്തത്. ഇന്നലെയാണ് പ്രിൻസിപ്പലിന് ഇമെയിലിൽ ബോംബ് ഭീഷണി വന്നത്. പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!