മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ പാലം പുതുക്കി നിര്‍മ്മിക്കാന്‍ നടപടി വേണം

മൂന്നാര്‍: മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നും മൂന്നാര്‍ പോസ്‌റ്റോഫീസ് ജംഗ്ഷന്‍ ഭാഗത്തേക്കുള്ള റോഡിലെ പാലം പുതുക്കി നിര്‍മ്മിക്കാന്‍ നടപടി വേണമെന്നാവശ്യം. മൂന്നാര്‍ ടൗണില്‍ ഗതാഗതകുരുക്കിനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ ഒരു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മൂന്നാര്‍ പോലീസ് സ്‌റ്റേഷന് സമീപത്ത് നിന്നും മൂന്നാര്‍ പോസ്‌റ്റോഫീസ് ജംഗ്ഷന്‍ ഭാഗത്തേക്കുള്ള റോഡിന്റെയും പാലത്തിന്റെയും വീതി കുറവാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പാലമാണിത്.
വലിയ വാഹനം പാലത്തില്‍ കയറിയാല്‍ ഒരേ സമയം മറ്റ് വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നു പോകാന്‍ കഴിയില്ല. ഇതോടെ പാലത്തിന് ഇരുവശവും റോഡില്‍ വാഹനങ്ങള്‍ കുരുങ്ങും. ഇപ്പോഴുള്ള പാലത്തിന് തൊട്ട് ചേര്‍ന്ന് നീളവും വീതിയും വര്‍ധിപ്പിച്ച് പുതിയ പാലം നിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന വാദമുയരുന്നു. ദേശിയപാതയില്‍ നിന്നും എളുപ്പത്തില്‍ ടൗണില്‍ പോസ്‌റ്റോഫീസ് ജംഗ്ഷന്‍ ഭാഗത്തേക്കെത്താനുള്ള പാലവും റോഡുമാണിത്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നു.
പാലത്തിനൊപ്പം തുടര്‍ന്ന് വരുന്ന റോഡിന്റെയും വീതി വര്‍ധിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. മൂന്നാര്‍ ടൗണിലെത്തുന്ന വിനോദ സഞ്ചാരികള്‍ ദേവികുളം ഗ്യാപ്പ് റോഡ് ഭാഗത്തേക്ക് ഈ റോഡിലൂടെയും പാലത്തിലൂടെയുമാണ് ദേശിയപാതയിലേക്ക് പ്രവേശിക്കുന്നത്. പാലത്തിനോട് ചേര്‍ന്നുള്ള സുരക്ഷാവേലിയുടെ ഭാഗം കാലപ്പഴക്കത്താലും വാഹനങ്ങള്‍ ഇടിച്ചുമൊക്കെ തകര്‍ന്നിട്ടുള്ള സ്ഥിതിയുമുണ്ട്.



