ദേശിയപാത നിര്‍മ്മാണ പ്രതിസന്ധി; സര്‍വ്വകക്ഷി സംഘം വീണ്ടും മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിമാരേയും ചീഫ് സെക്രട്ടറിയേയും കാണും

അടിമാലി:ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ കഴിയുകയാണ്. നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ട ശേഷം നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.
ഈ സാഹചര്യത്തിലായിരുന്നു തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ അടിമാലിയില്‍ ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്. അഡ്വ. എ രാജ എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ദിഖ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,ദേശിയപാത സംരക്ഷണ സമിതി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റിതര സംഘടന ഭാരവാഹികളടക്കം നൂറിലധികം ആളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍വ്വകക്ഷി സംഘം വീണ്ടും മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിമാരേയും ചീഫ് സെക്രട്ടറിയേയും കാണാനും 12 ദിവസത്തിനുള്ളില്‍ റോഡ് നിര്‍മ്മാണം പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളിലേക്ക് കടക്കാനും കണ്‍വന്‍ഷനില്‍ തീരുമാനം കൈകൊണ്ടു. പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെങ്കില്‍ തുടര്‍ സമരങ്ങളില്‍ തീരുമാനം കൈകൊള്ളാന്‍ ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 21ന് വീണ്ടും യോഗം ചേരും. റോഡ് നിര്‍മ്മാണം ഇനിയും വൈകിയാല്‍ സമരപന്തല്‍ തീര്‍ത്തുള്ള റിലേ സത്യാഗ്രഹ സമരത്തിനും ചക്രസ്തംഭന, വഴിതടയല്‍ സമരത്തിനുമടക്കം രൂപം നല്‍കേണ്ടി വരുമെന്നും ദേശിയപാത സംരക്ഷണ സമിതി ബഹുജനകണ്‍വന്‍ഷനില്‍ അറിയിച്ചു.
12 ദിവസത്തുള്ളില്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള എല്ലാ വിധ ഇടപെടലും നടത്തുമെന്ന് എം എല്‍ എയും യോഗത്തെ അറിയിച്ചു.



