സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കരാട്ടെ വുഷു വിഭാഗത്തില്‍ മെഡല്‍ നേട്ടവുമായി പ്രിയാദും അദ്വൈതും

അടിമാലി: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കരാട്ടെ വുഷു വിഭാഗത്തില്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് പ്രിയാദ്. 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് പ്രിയാദ് നാടിന് അഭിമാനമായി മാറിയത്. അടിമാലി എസ് എന്‍ ഡി പി എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ് പ്രിയാദ്.ഒപ്പം അടിമാലി ബ്രൂസ് ലി രാജ് മാസ്റ്റര്‍ ജീറ്റ് കുന്‍ ഡോ അക്കാദമിയിലെ വിദ്യാര്‍ഥികൂടിയാണ് ഈ കൊച്ചു മിഠുക്കന്‍. പ്രിയാദിന്റെ പ്രകടനത്തിന് ലഭിച്ച സ്വര്‍ണ്ണതിളക്കത്തിന്റെ സന്തോഷം ബ്രൂസ് ലി രാജ് മാസ്റ്റര്‍ ജീറ്റ് കുന്‍ ഡോ അക്കാദമിയിലെ പരിശീലകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്ക് വച്ചു.
ഈ മാസം 12 മുതല്‍ 16 വരെ ഇംഫാലില്‍ നടക്കുന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയാദ്. പ്രിയാദിനൊപ്പം പാറത്തോട് സെന്റ്‌റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അദ്വൈത് കൃഷ്ണ 90 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിരുന്നു. അദ്വൈതും അടിമാലി ബ്രൂസ് ലി രാജ് മാസ്റ്റര്‍ ജീറ്റ് കുന്‍ ഡോ അക്കാദമിയിലെ വിദ്യാര്‍ഥിയാണ്.



