
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ട് മണിക്കൂർ നീണ്ടു. ബാങ്ക് അക്കൌണ്ട് വിവരങ്ങളും , ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവുമാണ് പരിശോധന നടത്തിയത്. സ്വർണാഭരണങ്ങൾ പരിശോധിക്കാനായി തന്ത്രിയുടെ വീട്ടിലേക്ക് സ്വർണപ്പണിക്കാരനെ എത്തിക്കുകയും ചെയ്തിരുന്നു.
തന്ത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചു. കുടുംബംഗങ്ങളുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങളുടെ പഴക്കം, മൂല്യം, അളവ് എന്നിവയാണ് സ്വർണ്ണപ്പണിക്കാരെ കൊണ്ടുവന്നെത്തിച്ച് പരിശോധിച്ചത്. എസ്ഐടിയുടെ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം. അന്വേഷണസംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകിയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. ദേവന്റെ അനുജ്ഞ വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.ടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതു തടഞ്ഞില്ലെന്നും എസ്.ഐ.ടി പറഞ്ഞിരുന്നു.ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാം. ശ്രീകോവിൽ സ്വർണ്ണം പൂശുമ്പോൾ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവർക്ക് പാളികളിലും സ്വർണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് വിട്ടു നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.ടി പരിശോധിക്കുന്നത്.



