
മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി എഡിഎം ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വാഹനാപകടം, ഗതാഗത തടസം എന്നിവ ഒഴിവാക്കുന്നതിനായി ഓരോ ജംഗ്ഷനുകളിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിക്കും. പുല്ലുമേട് ഭാഗത്ത് ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ച് സുരക്ഷ ഉറപ്പാക്കും. മകരവിളക്ക് ഡ്യൂട്ടിക്കായി എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പാര്‍ക്കിംഗ് ഏരിയ പ്രത്യേകം തിരിച്ച് ലഭ്യമാക്കും. കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മുതല്‍ വെകിട്ട് 4 വരെ മകരവിളക്ക് ദിവസം 60 കെഎസ്ആര്‍ടിസി ബസ് തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തും. 10 ബസുകള്‍ തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് ക്രമീകരിക്കും. അഞ്ച് കേന്ദ്രങ്ങളില്‍ അഗ്നിരക്ഷാസേനയെ വിന്യസിക്കും.
തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളാവശ്യത്തിനായി പുല്ലുമേട് കാനനപാതയില്‍ ഒരു കിലോമീറ്റര്‍ ഇടവിട്ട് 500 മുതല്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യും. കൂടാതെ പാഞ്ചാലിമേടും പരുന്തുംപാറയിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തും.
പുല്ലുമേട് മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുകയും കഴുതക്കുഴിയില്‍ മെഡിക്കല്‍ ടീമിന്റെ ആവശ്യകത ഉണ്ടെങ്കില്‍ അഡീഷണല്‍ ആയി ഒരു ടീമിനെ നിലനിര്‍ത്തുകയും, ഓരോ പോയിന്റുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കും . മോട്ടോര്‍ വാഹനം, എക്സൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷാ,ശുചിത്വ മിഷന്‍ തുടങ്ങിയ വകുപ്പുകളുടെ പരിശോധനകള്‍ ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



