മിററര്‍ റൈറ്റിംങ്ങില്‍ റെക്കോര്‍ഡുകള്‍ കുറിച്ച് അടിമാലി സ്വദേശിയായ ഒമ്പതാംക്ലാസുകാരന്‍
അടിമാലി: മിററര്‍ റൈറ്റിംങ്ങില്‍ റെക്കോര്‍ഡുകള്‍ കുറിച്ച് മുമ്പോട്ട് പോകുന്ന കൊച്ചു മിഠുക്കനാണ് അടിമാലി സ്വദേശിയും ഒമ്പതാംക്ലാസുകാരനുമായ മുഹമ്മദ് അഫ്‌നാന്‍. മറ്റുള്ളവര്‍ അക്ഷരങ്ങള്‍ നേരെയെഴുതുമ്പോള്‍ അക്ഷരങ്ങള്‍ തിരിച്ചെഴുതാനാണ് മുഹമ്മദ് അഫ്‌നാന് താല്‍പര്യം. മുഹമ്മദ് അഫ്‌നാന്‍ എഴുതുന്ന ഈ അക്ഷരങ്ങള്‍ നേരെ ചൊവ്വേ വായിക്കണമെങ്കില്‍ ഒരു കണ്ണാടിയുടെ സഹായം വേണ്ടി വരും. ഇത്തരത്തില്‍ മിറര്‍ റൈറ്റിംഗില്‍ പ്രാഗത്ഭ്യം തെളിയിച്ച് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിക്കുകയാണ് അടിമാലി എസ് എന്‍ ഡി പി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവറായ നിഷാദിന്റെയും ഭാര്യ അബീന മോളുടെയും ഇളയ മകന്‍ മുഹമ്മദ് അഫ്‌നാന്‍.
എല്ലാവര്‍ക്കും വഴങ്ങാത്ത ഒരെഴുത്ത് ശൈലി തീരെ ചെറുപ്പം മുതലെ മുഹമ്മദ് അഫ്‌നാന് ഒപ്പം ചേര്‍ന്നു. മുഹമ്മദ് അഫ്‌നാന്റെ തല തിരിച്ചുള്ള ഈ എഴുത്തിനെ ആദ്യം ആരും അംഗീകരിച്ചില്ലെന്ന് മാത്രമല്ല ശകാരം ലഭിക്കുകയും ചെയ്തു. പിന്നീട് പതിയെ പതിയെ മിറര്‍ റൈറ്റിംങ്ങിലെ മുഹമ്മദ് അഫ്‌നാന്റെ പ്രാഗത്ഭ്യം രക്ഷിതാക്കളും അധ്യാപകരുമൊക്കെ തിരിച്ചറിഞ്ഞു. ഇതോടെ ആറാം ക്ലാസ് മുതല്‍ മുഹമ്മദ് അഫ്‌നാന്‍ മിറര്‍ റൈറ്റിംങ്ങിനെ കൂടുതല്‍ ഗൗരവത്തിലെടുത്തു. ഇന്ന് മിറര്‍ റൈറ്റിംങ്ങില്‍ മുഹമ്മദ് അഫ്‌നാന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, കലാംസ് വേള്‍ഡ് റെക്കോഡ് എന്നിവ സ്വന്തം പേരില്‍ കുറിച്ചു.
ഗിന്നസ് റെക്കോഡ് കൂടി സ്വന്തം പേരിലാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഹമ്മദ് അഫ്‌നാന്‍ പറഞ്ഞു.മിറര്‍ റൈറ്റിംങ്ങില്‍ മാത്രമല്ല ഈ കൊച്ചു മിഠുക്കന്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്. കലോത്സവ വേദികളില്‍ മോണോ ആക്റ്റ് മത്സരത്തിലും വട്ടപ്പാട് മത്സരത്തിലും മുഹമ്മദ് അഫ്‌നാന്‍ സജീവ സാന്നിധ്യമാണ്. പോയ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്റ്റ് മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് മുഹമ്മദ് അഫ്‌നാന്‍ കരസ്ഥമാക്കിയിരുന്നു. ചിത്ര രചനയും മുഹമ്മദ് അഫ്‌നാന് നല്ല പോലെ വഴങ്ങും.നിയമപഠന വിദ്യാര്‍ത്ഥിനിയായ അജിനമോളാണ് മുഹമ്മദ് അഫ്‌നാന്റെ സഹോദരി.കലാ പ്രകടനത്തിനും മിറര്‍ റൈറ്റിംങ്ങിനും എല്ലാ വിധ പിന്തുണയും പ്രോത്സാഹനവുമായി കുടുംബം മുഹമ്മദ് അഫ്‌നാന് ഒപ്പമുണ്ട്.



