സ്വർണം ഇനി എടിഎമ്മിലൂടെ വാങ്ങാം;എടിഎം സ്ഥാപിച്ച് ബോബി ചെമ്മണ്ണൂർ, കേരളത്തിൽ ആദ്യം

പണമിടപാടുകളുടെ കാര്യത്തിൽ എടിഎമ്മുകൾ ഒരു ഗെയിം ചെയ്ഞ്ചർ ആയിരുന്നു. ഒരു കാലത്ത് ബാങ്കുകളിൽ മണിക്കൂറുകളോളം ക്യൂ നിന്ന് പണം സ്വീകരിച്ചിരുന്നവർ എ ടി എമ്മുകൾ വന്നതോടെ വളരെ എളുപ്പത്തിൽ യാതൊരു പ്രയാസവുമില്ലാതെ പണമിടപാടുകൾ നടത്തി തുടങ്ങി. സിഡിഎം വന്നതോടെ പണം നിക്ഷേപിക്കാനുള്ള സൗകര്യവും സാധ്യമായി.
എന്തായാലും ഇപ്പോൾ എ ടി എമ്മിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പാണ് കേരളത്തിൽ ആദ്യമായി സ്വർണ എ ടി എമ്മുകൾ സ്ഥാപിച്ചിരക്കുന്നത. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ തൃശൂർ കോർപറേറ്റ് ഓഫീസിലാണ് എ ടി എം സ്ഥാപിച്ചത്. സ്വർണത്തിന്റേയും വെളളിയുടേയും നാണയങ്ങൾ എ ടി എമ്മിൽ നിന്ന് ലഭിക്കും. ഹൈദരാബാദിലെ ഗോൾഡ് സിക പ്രൈവറ്റ് ലിമിറ്റഡ് ആണ് എ ടി എം നിർമ്മിച്ചത്. എ ടി എമ്മിൽ നിന്നും അര മില്ലിഗ്രാം മുതലുള്ള സ്വർണ നാണയങ്ങൾ ലഭിക്കും. 24 മണിക്കൂറും ആ എടിഎം പ്രവർത്തിക്കും. പണം നിക്ഷേപിച്ച് കഴിഞ്ഞാൽ എ ടി എമ്മിൽ നിന്നും സ്വർണം ലഭിക്കും. സ്വർണം വാങ്ങാൻ പറ്റിയ സമയമാണിതെന്നും യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സ്വർണം വാങ്ങാനുള്ള അവസരമാണ് പുതിയ എ ടി എമ്മിലൂടെ സാധ്യമാകുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ആദ്യമായി വന്നത് ഹൈദരാബാദിൽ
രാജ്യത്ത് ആദ്യമായി 2022 ലാണ് ഗോൾഡ് എ ടി എം ആരംഭിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്, ഓപ്പൺക്യൂബ് ടെക്നോളജീസുമായി സഹകരിച്ചാണ് എ ടി എം തയ്യാറാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് ഗോൾഡ്സിക്ക. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യു പി ഐ പേയ്മെന്റുകൾ എന്നിവ ഉപയോഗിച്ച് 0.5 ഗ്രാം മുതൽ 100ഗ്രാം വരെയുള്ള 24 കാരറ്റ് സ്വർണ്ണ നാണയങ്ങൾ ഈ എ ടി എമ്മുകൾ വഴി ലഭ്യമാക്കി. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷന്റെ (LBMA) തത്സമയ നിരക്കുകളുമായി ബന്ധിപ്പിച്ചാണ് വില നിശ്ചയിച്ചത്. എടിമ്മുകൾക്കായി ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. സി സി ടി വി നിരീക്ഷണം, മോഷണ വിരുദ്ധ അലാറങ്ങൾ, ബയോമെട്രിക് ആക്സസ് കൺട്രോളുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയത്.
2025 മെയ് വരെയുള്ള കണക്കനുസരിച്ച്, ഗോൾഡ്സിക്കയ്ക്ക് ഇന്ത്യയിൽ 14 ഗോൾഡ് എ.ടി.എമ്മുകളും അന്താരാഷ്ട്ര തലത്തിൽ മൂന്നെണ്ണവും ഉണ്ട്. 2023 ഡിസംബറിൽ ഹൈദരാബാദിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിൽ സ്വർണ്ണവും വെള്ളിയും വിതരണം ചെയ്യുന്ന രണ്ടാം തലമുറ മോഡൽ പുറത്തിറക്കി. ഏറ്റവും പുതിയ പതിപ്പായ “ഗോൾഡ്-മെൽറ്റിംഗ് എ ടി എം” അടുത്തിടെയാണ് തുറന്നത്. ഇത് സ്വർണ്ണം വിൽക്കുക മാത്രമല്ല, വാങ്ങാനും കൈമാറ്റം ചെയ്യാനും പണയത്തനും എ ഐ, എ ആർ, റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇഷ്ടമുള്ള രൂപങ്ങളിലേക്ക് മാറ്റാനും സഹായിക്കുന്നു. ഈ മെൽറ്റിംഗ് ഫീച്ചറിന് റെഗുലേറ്ററി അനുമതി കാത്തിരിക്കുകയാണ്. 2025 നവംബർ വരെ സർക്കാർ പിന്തുണയുള്ള ഒരു സ്വർണ്ണ എ ടി എം പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സ്വകാര്യമേഖലാ മുന്നേറ്റം സ്വർണ്ണ ഇടപാടുകൾക്ക് ആധുനിക മുഖം നൽകുന്നുണ്ട്.



