അത്ര ധൃതി വേണ്ട’; 10 മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം

പത്ത് മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ക്വിക്ക് കോമേഴ്സ് സ്ഥാപനങ്ങൾ 10 മിനിറ്റ് ഡെലിവറി സേവനം നിർത്താൻ സമ്മതിച്ചു. കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവനം നിർത്താൻ തീരുമാനിച്ചത്.
ബ്രാൻഡ് പരസ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പത്തുമിനിറ്റ് ഡെലിവറി സേവനം നീക്കം ചെയ്യുമെന്ന് ഉറപ്പ് നൽകി. ബ്ലിങ്കിറ്റ് നിർദ്ദേശം നടപ്പിലാക്കുകയും 10 മിനിറ്റ് ഡെലിവറി വാഗ്ദാനം അതിന്റെ ബ്രാൻഡിംഗിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിൽ മറ്റ് കമ്പനികളും ഇത് നടപ്പിലാക്കും. ഗിഗ് തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
മിനിറ്റ് ഡെലിവറി ഓപ്ഷനുകൾ നീക്കം ചെയ്യണമെന്നും മുമ്പത്തെ പേഔട്ട് ഘടനകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗിഗ് വർക്കർ യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31 ന് പുതുവത്സരാഘോഷത്തിൽ ഒരു വിഭാഗം ഗിഗ് തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു.



