KeralaLatest NewsLocal news

ദർശനപുണ്യം നേടി ഭക്തജനങ്ങൾ : പുല്ലുമേട്ടിൽ മകരജ്യോതി തൊഴുതത് 9217 ഭക്തർ

പുല്ലുമേട്ടിൽ മകരജ്യോതി ദർശന സായൂജ്യമടഞ്ഞ് അയ്യപ്പഭക്തർ.
കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.41 നാണ് മകര ജ്യോതി ആദ്യം തെളിഞ്ഞത്. തുടർന്ന് രണ്ടുവട്ടം കൂടി ജ്യോതി തെളിഞ്ഞു. രണ്ടുവട്ടം മകര നക്ഷത്രം തെളിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മകര ജ്യോതി തെളിഞ്ഞത്. ശരണ മന്ത്രങ്ങളോടെ ആയിരങ്ങൾ ജ്യോതി ദർശിച്ചു.

ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 9217 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലെത്തിയത്.
സത്രം വഴി 1702 പേരും വള്ളക്കടവ് വഴി 3408 പേരും ശബരിമലയിൽ നിന്ന് പാണ്ടിത്താവളം വഴി 4107 പേരും പുല്ലുമേട്ടിലെത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഭക്തർ പുല്ലുമേട്ടിലെത്തി. 2024 ൽ 6446 പേരും 2025 ൽ 6425 പേരുമാണ് പുല്ലുമേട്ടിൽ ജ്യോതി തൊഴാനെത്തിയത്.

ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയിൽ 1500 പേരും പാഞ്ചാലിമേടിൽ 1250 പേരും മകരജ്യോതി. ദർശിക്കാനെത്തി.

ജ്യോതി ദർശനത്തിന്
പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദർശനശേഷം 7 മണിയോടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തജനങ്ങൾ തിരിച്ചിറങ്ങിയത്.

മകരവിളക്ക് ദർശനത്തിനു ശേഷം പുല്ലുമേട്ടിൽ നിന്ന് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. കോഴിക്കാനം വഴി മാത്രമാണ് ഭക്തരെ തിരികെ പോകാൻ അനുവദിച്ചത്.

അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാൽ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങൾ സജ്ജീകരിച്ചു.

തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 1500 ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. പോലീസിൻ്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പുമായി സഹകരിച്ച് വിവിധയിടങ്ങളിലായി 40 അക്‌സ ലൈറ്റുകൾ സ്ഥാപിച്ചു.

നാലാം മൈൽ മുതൽ പുല്ലുമേട് വരെയുള്ള 10 കിലോമീറ്റർ ദൂരത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!