ചെറുതോണി ∙ ഇടുക്കിയിൽ വീണ്ടും കടുവ ഭീതി. ഇന്നലെ രാവിലെ എട്ടോടെ പാറേമാവ് പത്തേക്കർ ഭാഗത്തുള്ള വീടിനു പിന്നിലെ വനമേഖലയിൽ കടുവയെ കണ്ടെന്നു ചിറയിൽ സരസമ്മയെന്ന വനിതയാണ് അറിയിച്ചത്. തുടർന്ന് വാഴത്തോപ്പ് ഫോറസ്റ്റ് സ്റ്റേഷനിൽ സമീപവാസി വിവരം അറിയിച്ചു. രാവിലെ 8.30 മുതൽ 3.30വരെ പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നു ഫോറസ്റ്റർ കെ.സി.ആനന്ദൻ പറഞ്ഞു. ഉടുമ്പന്നൂരിൽ കാട്ടുപോത്തിനെ നിരീക്ഷിക്കാനായി കൊണ്ടുപോയ ഡ്രോൺ തിരികെ എത്തിച്ചതോടെ മേഖലയിൽ ഡ്രോൺ പറത്തി കടുവയെ തിരയുന്നതിന് അനുമതി ലഭിച്ചു.
വൈകുന്നേരം 6 വരെ പാറേമാവ്, ഇടുക്കി, ഹിൽ വ്യൂ പാർക്ക്, പൈനാവ് മേഖലകളിലെല്ലാം ഡ്രോൺ നിരീക്ഷണം നീണ്ടെങ്കിലും കടുവയെ കണ്ടെത്തിയില്ല. പാറേമാവിലെയും ഹിൽവ്യൂ പാർക്കിലെയും ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് രാത്രി വൈകിയും നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ 7നു പുലർച്ചെ അടിമാലി – കുമളി ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറി ഡ്രൈവർ ആലിൻചുവടിനു സമീപം ഇടുക്കി പാർക്കിൽ കടുവയെ കണ്ടെന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഏതാനും ദിവസം പ്രദേശത്ത് തിരച്ചിൽ നടന്നെങ്കിലും ഫലമുണ്ടായില്ല.



