അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

അടിമാലി: അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്.സംഭവത്തിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചൻ്റെ സുഹൃത്ത് സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച വൈകിട്ടോടെയായിരുന്നു അടിമാലി ടൗണിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കരുനാഗപ്പള്ളി സ്വദേശി പാപ്പച്ചൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസിന് തോന്നിയ ചില സംശയങ്ങളാണ് പാപ്പച്ചൻ്റെ മരണം കൊലപാതകം മൂലമെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.
പാപ്പച്ചനെ കൊലപ്പെടുത്തിയ സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ പാപ്പച്ചൻ്റെ സുഹൃത്താണ്. പാപ്പച്ചൻ്റെ തലക്ക് പിറകിൽ ആഴത്തിൽ മുറിവ് സംഭവിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.ഇത് ആരോഗ്യദാസ് തടി കഷ്ണം കൊണ്ടടിച്ചതിലൂടെ സംഭവിച്ചതാണെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. മൃതദേഹം കിടന്നിരുന്നതിന് സമീപം രക്തക്കറയും മര കഷ്ണവും പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 22 ന് സംഭവം നടന്നതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകം നടക്കും മുമ്പ് പാപ്പച്ചനും ആരോഗ്യദാസും ബാറിൽ ഇരുന്ന് മദ്യപിച്ചതായി പോലീസ് കണ്ടെത്തി.
ഈ സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പിന്നീട്ടിവർ ബാറിൽ നിന്നും ടൗണിൽ തന്നെയുള്ള നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിന് മുകളിലേക്ക് എത്തി. ഇവിടെ വച്ച് വീണ്ടും ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക് തർക്കമുണ്ടായി. ഇതിനിടെ ആരോഗ്യദാസ് തടി കഷ്ണം ഉപയോഗിച്ച് പാപ്പച്ചൻ്റെ തലക്കടിക്കുകയായിരുന്നു വെന്നാണ് പോലീസ് നൽകുന്ന വിവരം. ഈ മുറിവ് പാപ്പച്ചൻ്റെ മരണത്തിന് ഇടയാക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
സി സി ടി വി ദൃശ്യങ്ങളും ടവർ ലൊക്കേഷനുമൊക്കെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പാപ്പച്ചൻ്റെ മരണത്തിൻ്റെ ചുരുളഴിച്ചത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് അടിമാലിയിൽ എത്തിയ പാപ്പച്ചൻ വിവിധ ജോലികൾ ചെയ്ത് അടിമാലിയിൽ കഴിഞ്ഞ് വരികയായിരുന്നു.



