NSS- SNDP കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല; എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണും’; വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപി യോഗത്തിന്റെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐക്യ കാഹളം മുഴക്കിയത് എൻഎസ്എസ് ആണെന്നും ജി സുകുമാരൻ നായരോട് നന്ദി പറയുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈഴവ സമുദായത്തിന് ജി സുകുമാരൻ നായർ ആത്മബലം നൽകി. കാർ വിവാദം അടക്കം ഉണ്ടായപ്പോൾ ആശ്വസിപ്പിച്ചു. ഒരു ഉപാധിയുമില്ലാതെയാണ് ഐക്യമെന്ന് അദേഹം വ്യക്തമാക്കി.
പഴയ തെറ്റുകൾ തിരുത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇനിയുള്ള തീരുമാനംങ്ങൾ എൻഎസ്എസിനോട് ആലോചിച്ച ശേഷം മാത്രമാകും. എൻഎസ്എസ്-എസ്എൻഡിപി കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല. രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നാൽ എടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുസ്ലിം ലീഗ് ഒഴികെയുള്ള എല്ലാവരുമായി സഹകരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
വിഡി സതീശനെയും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് പുകഞ്ഞ കൊള്ളിയാണെന്നും സതീശൻ ചർച്ചാ വിഷയമേയല്ലെന്നും അദേഹം പറഞ്ഞു. വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും താൻ ആണെങ്കിൽ ഖേദം പ്രകടിപ്പിക്കില്ലെന്നും അദേഹം കൂട്ടിച്ചേർത്തു



