മൂന്നാർ പള്ളിവാസലിലെ വിനോദ സഞ്ചാരികളുമായി നടന്ന സംഘർഷം- നാട്ടുകാരെ മർദ്ദിച്ച് സിഐ ; ദൃശ്യങ്ങൾ പുറത്ത്

മൂന്നാർ പള്ളിവാസലിൽ നാട്ടുകാരെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായതിന് പിന്നാലെയായിരുന്നു മർദനം. മൂന്നാർ സി ഐ ബിനോദ് കുമാർ പ്രദേശവാസിയെ ചാടി ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കരുനാഗപ്പള്ളിയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളും രണ്ടാം മൈലിലെ നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. വിനോദ സഞ്ചാരികൾ ജീപ്പ് ഡ്രൈവറെ മർദിച്ചത് നാട്ടുകാർ ചോദ്യം ചെയ്തത് സംഘർഷത്തിലേക്ക് നയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാർ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഈ സമയത്താണ് സി ഐ ബിനോദ് കുമാർ പ്രാദേശവാസി ഷിയാസിനെ ചാടി ചവിട്ടിയത്.
എന്നാൽ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രകോപനമുണ്ടാക്കിയ വിനോദസഞ്ചാരികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.


