നാളെ രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും; നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ശംഖുമുഖം -ആള്‍സെയിന്റ്സ് – ചാക്ക പേട്ട – പള്ളിമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി – ആശാന് സ്ക്വയര്‍- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിന്‍ഗേറ്റ്- സ്റ്റാച്യു- പുളിമൂട് – ആയുര്‍വേദ കോളേജ്- ഓവര്‍ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവര്‍ഹൗസ് ജംഗ്ഷന്- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ശംഖുംമുഖം – ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട് -വലിയതുറ പൊന്നറപ്പാലം -കല്ലുംമ്മൂട് – അനന്തപുരി ഹോസ്പിറ്റല്‍ – ഈഞ്ചയ്ക്കല്‍ – മിത്രാനന്ദപുരം – എസ് പി ഫോര്‍ട്ട് – ശ്രീകണ്ഠേശ്വരം പാര്‍ക്ക് – തകരപ്പറമ്പ് മേല്‍പ്പാലം – പവര്‍ഹൗസ് ജംഗ്ക്ഷന് വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റല്‍ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.



