തകര്‍ന്നു കിടക്കുന്ന മൂന്നാര്‍ ടൗണിലെ നല്ലതണ്ണി പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല

മൂന്നാര്‍:ഒന്നരവര്‍ഷമായി തകര്‍ന്നുകിടക്കുന്ന മൂന്നാര്‍ ടൗണിലെ നല്ലതണ്ണി പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല. വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ യാത്ര ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപ്പാലമാണ് തകര്‍ന്നുകിടക്കുന്നത്.
2023 ഡിസംബര്‍ 8നാണ് മൂന്നാര്‍ നല്ലതണ്ണി ജംഗ്ഷനിലെ പാലം തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നാര്‍ എംജി നഗര്‍ സ്വദേശിക്ക് പരിക്കേറ്റിരുന്നു. പാലം തകര്‍ന്നതോടെ ജിഎച്ച് റോഡില്‍ നിന്നും നല്ലതണ്ണിയിലേക്ക് പോകുന്ന കാല്‍നടയാത്രക്കാര്‍ തിരക്കേറിയ നല്ലതണ്ണി ജങ്ഷനിലൂടെ ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട നിലയിലായി.
പാലം നിര്‍മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടിയുണ്ടായില്ല.പാലം പുനര്‍ നിര്‍മ്മിച്ച് യാത്ര സുഗമമാക്കാന്‍ വേണ്ടുന്ന ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിലൂടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂന്നാര്‍-ഉടുമല്‍പ്പേട്ട അന്തസ്സംസ്ഥാനപാത കടന്നു പോയിരുന്നത്.
എന്നാല്‍ കാലപ്പഴക്കം ചെന്നതോടെ കാല്‍നട യാത്ര മാത്രമായി പരിമിതപ്പെടുത്തി. വാഹനങ്ങള്‍ കടന്നുപോകുന്നതിനായി അല്പം അകലെയായി മറ്റൊരു പാലം നിര്‍മ്മിച്ചു. വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധിയാളുകളാണ് പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. തിരക്കേറിയ പുതിയ പാലത്തിലൂടെയുള്ള കാല്‍നടയാത്ര പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.



