
മൂന്നാർ :ബാംഗ്ലൂരിൽ നിന്നും മൂന്നാറിലേക്ക് യാത്രതിരിച്ച ദമ്പതികൾക്കും ഒന്നര വയസ്സുകാരനും ചിന്നാർ വന്യജീവി സങ്കേതത്തിലെ കൊടുംകാട്ടിൽ തുണയായത് മറയൂർ പോലീസിന്റെ അവസരോചിതമായ ഇടപെടൽ. നെറ്റ്വർക്ക് റേഞ്ച് പോലുമില്ലാത്ത വനപാതയിൽ കാർ തകരാറിലായി നിസ്സഹായരായിപ്പോയ കുടുംബത്തെ 25 മിനിറ്റിനുള്ളിൽ എത്തി പോലീസ് സംഘം സുരക്ഷിത സ്ഥാനത്തെത്തിച്ചു.
മറയൂരിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ ചിന്നാർ വനമേഖലയിൽ വെച്ചായിരുന്നു സംഭവം.
യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കാറിന്റെ ബാറ്ററി തകരാറിലാവുകയായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയിൽ ഒന്നര മണിക്കൂറോളം സഹായമില്ലാതെ കുടുംബം റോഡിൽ കുടുങ്ങി. മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് 112 എന്ന എമർജൻസി നമ്പറിൽ സഹായം തേടുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ മറയൂർ സബ് ഇൻസ്പെക്ടർ അബ്ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ എം, സാജുസൺ എസ്, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘം തകരാറിലായ കാർ സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുകയും കുടുംബത്തെ സുരക്ഷിതമായി ഹോട്ടലിൽ എത്തിക്കുകയും ചെയ്തു.



