ദേശിയപാതയിലെ നിര്‍മ്മാണ പ്രതിസന്ധിക്ക് പരിഹാരമില്ല; ദേശിയപാത സംരക്ഷണ സമിതി തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു

അടിമാലി: ദേശിയപാത85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ടിട്ട് മാസങ്ങള്‍ കഴിയുകയാണ്. നിര്‍മ്മാണ പ്രതിസന്ധി രൂപം കൊണ്ട ശേഷം നടന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ നിര്‍മ്മാണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാവുകയോ മുമ്പോട്ട് പോക്ക് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ദേശിയപാത സംരക്ഷണ സമിതി ആരോപിക്കുന്നു.
ദേശിയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ഇനിയും ഫലപ്രദമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ദേശിയപാത സംരക്ഷണ സമിതി ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാളെ ആനച്ചാലില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയടക്കം പങ്കെടുപ്പിച്ച് യോഗം നടക്കും.
പ്രശ്‌ന പരിഹാരം കാണും വരെ ശക്തമായ തുടര്‍ സമരത്തിലേക്ക് പോകാനാണ് ദേശിയപാത സംരക്ഷണ സമിതിയുടെ തീരുമാനം. സമരപന്തല്‍ തീര്‍ത്തുള്ള റിലേ സത്യാഗ്രഹ സമരത്തിനും ചക്രസ്തംഭന, വഴിതടയല്‍ സമരത്തിനുമടക്കം സമിതി രൂപം നല്‍കിയേക്കുമെന്നാണ് സൂചന. പ്രശ്‌ന പരിഹാരം കാണുന്നതിനായി ഈ മാസം ആദ്യവാരം ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ബഹുജന കണ്‍വന്‍ഷന്‍ വിളിച്ച് ചേര്‍ത്തിരുന്നു..ഈ കണ്‍വന്‍ഷനില്‍ സമിതിക്ക് ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ കൂടിയാണ് തുടര്‍ സമരത്തിന് കളമൊരുങ്ങുന്നത്.



