KeralaLatest NewsLocal news

ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍  പ്രതിഷേധ മാര്‍ച്ച് നടത്തി

മൂന്നാര്‍: പാചക വാതകം ഇല്ലാതെ വന്നതിനെ തുടര്‍ന്ന് മൂന്നാറിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവതാളത്തിലായ സംഭവത്തില്‍ ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍  പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാസങ്ങളായി പാചക വാതകത്തിന്റെ പണം നല്‍കാത്തതിനാല്‍ പാചകവാതക വിതരണം നിലച്ച സാഹചര്യത്തിലായിരുന്നു ആദിവാസി ഉന്നതികളിലെ പെണ്‍കുട്ടികള്‍ താമസിച്ച് പഠനം നടത്തുന്ന മൂന്നാറിലെ പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവതാളത്തിലായത്.

പാചക വാതകമില്ലാതെ വന്നതോടെ കുട്ടികള്‍ക്കുള്ള ഭക്ഷണ വിതരണം താളം തെറ്റി.തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോയിരുന്നു. ഈ സംഭവത്തിലാണ് ആദിവാസി മുതുവാന്‍ സമുദായ സംഘം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി മുതുവാന്‍ സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍  പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഹോസ്റ്റല്‍ കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടവരുത്തി. അരിയും പച്ചക്കറികളുമടക്കമുള്ള പല വ്യജ്ഞന സാധനങ്ങള്‍ കൈയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാര്‍ പ്രകടനമായി പ്രീമെട്രിക് ഹോസ്റ്റലിന്റെ കവാടത്തിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം ആദിവാസി മുതുവാന്‍ സമുദായ സംഘം സംസ്ഥാന പ്രസിഡന്റ് പാല്‍രാജ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഹോസ്റ്റലിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ വീടുകളിലേക്ക് പോയ കുട്ടികളെ തിരികെയെത്തിക്കാനുള്ള വാഹനക്കൂലി രക്ഷിതാക്കള്‍ക്ക് ലഭ്യമാക്കണം എന്ന ആവശ്യവും സമരത്തിലൂടെ സംഘടന മുമ്പോട്ട് വയ്ക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ ഇടമലക്കുടിയില്‍ നിന്നുള്‍പ്പെടെ 65 പെണ്‍കുട്ടികളാണ് താമസിച്ച് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!