ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡ്; നിര്‍മ്മാണം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോള്‍ 45 ലധികം അപകടങ്ങള്‍, 14 പേരുടെ ജീവന്‍ നഷ്ടമായി
അടിമാലി: മനോഹരമായ പാത, പക്ഷേ പ്രദേശവാസികള്‍ ഈ പാതയെ വിളിക്കുന്നത് കൊലകൊല്ലി റോഡ് എന്നാണ്. പറഞ്ഞു വന്നത് ചെമ്മണ്ണാര്‍ ഗ്യാപ്പ് റോഡിന്റെ കാര്യമാണ്. കാക്കകട മുതല്‍ ഗ്യാപ്പ് വരെയുള്ള 7 കിലോമീറ്റര്‍ ദൂരമാണ് കൊലകൊല്ലി മേഖല എന്ന് അറിയപ്പെടുന്നത്.
അപകടങ്ങള്‍ കണ്ടും നിലവിളികള്‍ കേട്ടും മനസ്സ് മരവിച്ച അവസ്ഥയിലാണ് കാക്കക്കട ചൊക്രമുടി നിവാസികള്‍. മുന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ മടങ്ങുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സ്വദേശികളുടെ വാഹനമാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത് കുത്തന്നെ ഉള്ള ഇറക്കത്തില്‍ ബ്രയിക്ക് നഷ്ടപ്പെടുന്നതാണ് അപകടങ്ങള്‍ക്ക് കാരണം.
ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് 5 വര്‍ഷം പിന്നിടുമ്പോള്‍ 45 ലധികം അപകടങ്ങള്‍ക്കാണ് ഈ പാത സാക്ഷ്യം വഹിച്ചത്.14 പേരുടെ ജീവന്‍ നഷ്ടമായി.കഴിഞ്ഞ ദിവസം തമിഴ്‌നാട് ട്രിച്ചിയില്‍ നിന്നും എത്തിയ വാന്‍ മറിഞ്ഞു മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക് ഏറ്റിരുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.ഹരിത ചെക്ക് പോസ്റ്റ് ,ടെയ്ക്ക് എ ബ്രയിക് ,അപകട സൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക ,സമാന്തര പാതയായ കാക്കക്കട പെരിയകനാല്‍ റോഡ് നവീകരിക്കുക തുടങ്ങിയ ആവിശ്യങ്ങളാണ് അപകടങ്ങള്‍ കുറക്കാന്‍ പ്രദേശവാസികള്‍ മുന്നോട്ട് വക്കുന്നത്.
ഈ ആവിശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നിരാഹാര സമരവും നടന്നിരുന്നു.പ്രശന പരിഹാരത്തിന് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുവാനാണ് പ്രദേശവാസികളുടെ തീരുമാനം.



